Friday, November 9, 2018

അക്ഷരനഗരം


('ആ ആള്‍ചെന്നതും കുട്ടിയെ എടുത്തതും അവിടെ കൂടിയിരുന്ന എല്ലാവരും കണ്ടു. പോയത് ആരും കണ്ടില്ല. കുട്ടിയെ കാണാതെയായപ്പോഴേയ്ക്കും അവിടെ എല്ലാവര്‍ക്കും വ്യസനവും പരിഭ്രമവും കലശലായി.'
-അച്ചന്‍കോവില്‍ശാസ്താവും പരിവാരമൂര്‍ത്തികളും , ഐതിഹ്യമാല, കൊട്ടാരത്തില്‍ശങ്കുണ്ണി.)

രണ്ടുദിവസം നിര്‍ത്താതെ മഴ പെയ്തു. തീക്കോയിയിലെങ്ങോ ഉരുള്‍പൊട്ടിയെന്നു കേട്ടു. ഓരങ്ങളിലേയ്ക്ക്, പച്ചച്ചായം തേച്ച ജാലകങ്ങളുടെ നിഴല്‍വീഴ്ത്തി നില്‍ക്കുന്ന  റിവര്‍വ്യൂ ലോഡ്ജിന്‍റെ ചുറ്റുമതിലരഞ്ഞാണം വരെ മീനച്ചിലാര്‍കയറിവന്നു.  സന്ധ്യയ്ക്ക് ഓഫീസ് വിട്ടുവന്നപ്പോള്‍,  ലോഡ്ജിന്‍റെ മുന്നിലെ ഓടയ്ക്ക് മുകളില്‍കവച്ചുനില്‍ക്കുന്ന പെട്ടിക്കടയുടെ അരയ്ക്ക് ചുറ്റിയ കയര്‍അടുത്ത പറമ്പിലെ തെങ്ങിലേയ്ക്ക് വലിച്ചുകെട്ടുകയായിരുന്നു കനകാംബരന്‍. എന്നെക്കണ്ടപ്പോള്‍ചിരിച്ചു.
"രാത്രി വെള്ളം പൊങ്ങുമെന്നാ തോന്നുന്നെ. എന്നാപ്പിന്നെ എന്‍റെയീ പ്രസ്ഥാനമങ്ങ് അഴിപ്പുറത്തൂന്ന് ലോറിയെക്കേറ്റി കൊണ്ടരണ്ടി വരും. ഒരുറപ്പിന് കെട്ടിയിട്ടേക്കാംന്ന്‍വച്ചു...എന്തിനാ നമ്മള്  വെറുതെ റിസ്ക്കെടുക്കുന്നേ.."
കനകാംബരന്‍റെ നാക്ക് പൊന്നായി.
രാത്രി ഒച്ചയും വിളിയും കേട്ടു ചാടി എഴുന്നേറ്റ് കാല്‍കുത്തിയത് കണങ്കാലിന് വെള്ളത്തിലാണ്. വാതില്‍തുറന്നപ്പോള്‍കലക്കവെള്ളം മുറിയിലേയ്ക്ക് കുത്തിയൊഴുകി. കറണ്ട് ഉണ്ടായിരുന്നില്ല. കുറച്ചുനേരത്തേയ്ക്ക് ഒരെത്തും പിടിയും കിട്ടിയില്ല. അന്തിച്ചുനില്‍ക്കുമ്പോള്‍ലോഡ്ജിന്‍റെ മുറ്റത്തുകൂടി അരയ്ക്ക് വെള്ളത്തിലൂടെ കനകാംബരന്‍നടന്നുവരുന്ന കണ്ടു. അയാളൊരു പെട്രോമാക്സ് പൊക്കിപ്പിടിച്ചിരുന്നു. കഴുത്തില്‍തൂക്കിയ കയറില്‍രണ്ട് ആമകള്‍തൂങ്ങിയാടി.
"ഞാനപ്പഴേ പറഞ്ഞില്ലേ വെള്ളം പൊങ്ങുമെന്ന്...കട്ടിലും കിടക്കേം പൊക്കി വച്ച് എടുക്കാനുള്ള സാധനങ്ങളും എടുത്തോണ്ട് ഇറങ്ങുസാറേ. വേഗം പുറത്ത്കടക്കാം..."
ഹാങ്ങറില്‍കിടന്ന ഷര്‍ട്ട് എടുത്തിട്ട് തലയിലൊരു തോര്‍ത്ത് കാതടക്കം കെട്ടി ബാഗും തോളില്‍വച്ചു ഞാനിറങ്ങി. മറ്റു മുറികളില്‍ഉള്ളവര്‍എവിടെ എന്ന് തിരയുന്നതിനിടയില്‍വാതിലടയ്ക്കാന്‍മറന്നു. അവരെല്ലാം നേരത്തേ പൊയ്ക്കഴിഞ്ഞിരുന്നു. തിരികെ ചെന്ന് വീണ്ടും വാതില്‍പൂട്ടി താക്കോല്‍പോക്കറ്റിലിട്ടു.
അപ്പോഴേയ്ക്കും കനകാംബരന്‍ഗെയ്റ്റ് കടന്നു റോഡില്‍എത്തിയിരുന്നു. ഞാന്‍വെപ്രാളത്തോടെ പുറകെ ചെന്നു. വെള്ളം കയറി റോഡ്‌കാണാനില്ലായിരുന്നു. ഒരൂഹം വച്ച് ഇരുട്ടിലൂടെ നടന്നു. കനകാംബരന്‍തലയില്‍ചൂടിയ പെട്രോമാക്സിന്റെ വെളിച്ച൦ വെള്ളത്തിനു മുകളില്‍വഴി തെളിച്ചു. വെള്ളവും വെളിച്ചവും തിരിച്ചറിയാനാകാത്ത ഒരാള്‍എന്‍റെ തലയ്ക്കുള്ളില്‍ഇരുന്ന് ഉറക്കം തൂങ്ങി. കുത്തിയൊഴുകുന്ന ചെളിവെള്ളവും ഇരുട്ടും ചാറ്റല്‍മഴയും നാഗമ്പടം പാലത്തിന്‍റെ ചുവട്ടില്‍വരെ കൂടെ വന്നു. പാലത്തിനു മുകളില്‍നിന്ന്‍പുഴ കുത്തിമറിഞ്ഞ് ഒഴുകുന്ന നോക്കി ഞങ്ങള്‍കുറച്ചുനേരം നിന്നു. ആമകളെ രണ്ടിനേം തലയില്‍കെട്ടിയ തോര്‍ത്തില്‍കനകാംബരന്‍പൊതിഞ്ഞെടുത്തു ചുമലിലിട്ടു.
"പാവത്തുങ്ങള്. ആരേലും കണ്ടാ ഷാപ്പിലെ കറിയാ നാളെ.."
കലങ്ങിയ രാത്രിയെ എങ്ങനെ വെളുപ്പിച്ചെടുക്കും എന്നാലോചിക്കുകയായിരുന്നു  ഞാനപ്പോള്‍.  എന്‍റെ ഉള്ളറിഞ്ഞാകാം  കനകാംബരന്‍എന്നോട് ചോദിച്ചു: "ഈ രാത്രി ഇനിയെന്നാ പരിപാടി. എവിടെ തങ്ങും..? ഇനി ഒരാഴ്ച കഴിയാതെ നോക്കണ്ട...വെള്ളമിറങ്ങിയാലും ചെളീം മണ്ണും അടിച്ചുവാരണ്ടേ.."
പാലത്തിനപ്പുറം കോട്ടയം നഗരം ഉറക്കംതൂങ്ങുന്ന കാണാമായിരുന്നു. ഒരു രാത്രിവണ്ടി പാലത്തെ നടുക്കിക്കൊണ്ട് കടന്നുപോയി. ചുളുചുളാ കുത്തുന്ന ഒരു കാറ്റ് വീശി. തണുപ്പില്‍ഞങ്ങളാകെ  കിടുകിടുത്തു. കനകാംബരന്‍പറഞ്ഞു:
"എന്‍റെ കൂടെപ്പോന്നാ വീട്ടിലെ ചായ്പ്പില്‍സ്ഥലമുണ്ട്. വേറെ മുറി ഒക്കും വരെ കൂടാം.."
ചൂട്ടുവേലിയില്‍നിന്ന് തിരുഹൃദയകുന്നിലേയ്ക്കുള്ള കയറ്റത്തിലായിരുന്നു കനകാംബരന്‍റെ വീട്. വീടിനു മുന്നിലെ മൈതാനം  വെള്ളം കേറി കുളം പോലെ തോന്നി. റോഡിനപ്പുറം മഠവും സെമിനാരിയും മരങ്ങള്‍ക്കൊപ്പം ഇരുട്ടില്‍ഒളിച്ചുകളിക്കുന്നു. വാതിലി ല്‍മുട്ടി കുറെ കാത്തുനില്‍ക്കേണ്ടി വന്നു തുറക്കാന്‍.
വാതില്‍തുറന്നത് ഒരു സ്ത്രീയാണ്. കയ്യില്‍വിളക്കുമായി അവര്‍ഇറയത്തേയ്ക്ക് വന്നു. അവരെ മുന്‍പ് എവിടെയോ കണ്ടിട്ടുള്ളത് പോലെ തോന്നി. തോന്നലാകാം. ഇക്കണ്ട കഥകളും നോവലുമൊക്കെ വായിച്ചുവായിച്ച് ഇപ്പോഴിപ്പോള്‍, പരിചിതരെ അപരിചിതരും അപരിചിതരെ പരിചിതരുമായും തോന്നുക പതിവാണ്. എങ്കിലും എനിക്കെല്ലാവരോടും  സ്നേഹമാണ്.
കനകാംബരന്‍തോര്‍ത്തില്‍പൊതിഞ്ഞ ആമകളെ അവരെ ഏല്‍പ്പിച്ചു.
"ചരുവത്തിലെ വെള്ളത്തില്‍ഇട്ടുവയ്ക്ക്. വെള്ളം പൊങ്ങിയപ്പോ നുമ്മടെ കടയില്‍അഭയംതേടി വന്നതാ. നാളെ പുഴയില്‍തന്നെ കൊണ്ടോയി കളയാം. കൊച്ച് എന്തിയേടി ജയന്തി.."
"..ഒറങ്ങി. ഇതാരാ പുതിയൊരാള്...?"
എന്നെ നോക്കി അവര്‍ചോദിച്ചു.
കനകാംബരന്‍പരിചയപ്പെടുത്തി: "വാരികേടെ ഓഫീസിലെ പുതിയ സാറാ. ലോഡ്ജിലെ മുറിയില് വെള്ളം കേറി. സാറിനി കുറച്ചു ദിവസം ഇവിടെ കാണും. വെള്ളമിറങ്ങട്ടെ...എന്നിട്ടേ പോകുന്നുള്ളൂ.."
ചായ്പ്പ് മുറിയുടെ വാതില്‍തുറന്നുതന്നുകൊണ്ട്, പാതി എന്നോടും പാതി അവരോടുമായി കനകാംബരന്‍പറഞ്ഞു.
കെട്ടുകണക്കിന് വാരികകളും പത്രങ്ങളും അടുക്കിവച്ച ആ മുറിയിലെ കട്ടിലില്‍, ഏതോ നോവലില്‍നിന്നും ഇറക്കിവിട്ട  കഥാപാത്രമെന്നതുപോലെ ഞാന്‍ചുരുണ്ടുകൂടി. പൊളിഞ്ഞ അലമാരയ്ക്ക് അപ്പുറം കനകാംബരനും ജയന്തിയും സംസാരിക്കുന്ന കേള്‍ക്കാമായിരുന്നു. ഇടയ്ക്ക് കനകാംബരന്‍ചോദിക്കുന്ന കേട്ടു:
"അപ്പച്ചന്‍എങ്ങോട്ട് പോയി?"
"ഇവിടെ ഒണ്ടായിരുന്നല്ലോ..."
ജയന്തി ഉറക്കെ വിളിക്കുന്ന കേട്ടു.
"അപ്പച്ചാ..അപ്പച്ചാ.."
അപ്പോള്‍വാരികകളുടെ ഇടയില്‍നിന്നും ഒരു അനക്കം ഉണ്ടായി. പാമ്പോ പഴുതാരയോ? എന്നൊരാന്തലോടെ ചാടി എഴുന്നേറ്റ് നോക്കുമ്പോള്‍, അസാധാരണവലിപ്പമുള്ള ഒരു പൂച്ച മൂരിനിവര്‍ന്നുകൊണ്ട് എന്നെ ഒന്നുനോക്കി. പിന്നെ അലമാരയുടെ വിടവിലൂടെ അപ്പുറത്തേയ്ക്ക് ചെന്നു.
"..ഇവിടെ ഒണ്ടാരുന്നല്ലേ.. "
കനകാംബരന്‍എന്നോടായി വിളിച്ചുപറഞ്ഞു.
"നമ്മടെ വീട്ടുകാരനാ കേട്ടോ സാറേ...പേടിക്കണ്ട. ഇവളുടെ ചത്തുപോയ അപ്പന്‍റെ ഓര്‍മ്മയ്ക്കാ അപ്പച്ചാന്നു വിളിക്കുന്നേ. അല്ലിയോടി. നല്ല പേരല്ലേ. വിളിക്കാനും സുഖം."
ഞാന്‍മിണ്ടാതെ കിടന്നു. ജയന്തി പറയുന്ന കേട്ടു.
"അങ്ങോര് ഉറങ്ങിക്കാണും..നിങ്ങളിനി വിളിച്ചെഴുന്നേല്‍പ്പിക്കണ്ട.."
ഉറക്കം വരാതെ ഞാന്‍അപ്പോഴും ഇരുട്ടിലേയ്ക്ക് കണ്ണുകള്‍തുറന്നുവച്ച് കിടക്കുകയായിരുന്നു. എനിയ്ക്ക് ആകെക്കൂടി ഒരു മടുപ്പ് തോന്നി. എല്ലാവരോടും  വെറുപ്പും തോന്നി. ഈ കനകാംബരന്‍ആരാണ്? ലോഡ്ജിന്‍റെ പിന്നിലെ ഇയാളുടെ പെട്ടിക്കടയി ല്‍നിന്നും സോഡാസര്‍ബത്തും സിഗരറ്റും വാങ്ങും എന്നതല്ലാതെ എനിക്കൊരു പരിചയവുമില്ല. ഇയാള്‍വിളിച്ചപ്പോള്‍ഞാന്‍എന്തിന് ഇറങ്ങി പുറപ്പെട്ടു. ഇതെവിടെയാണ് ഞാന്‍കിടക്കുന്നത്. ആലോചനകളില്ലാത്ത എന്‍റെ തീരുമാനങ്ങളെ ഞാന്‍ഭയന്നു. പുറത്ത് ഇരുട്ടും തണുപ്പും മഴയും കൂടിക്കൂടിവന്നു. അങ്ങനെകിടന്ന് എപ്പോഴോ ഉറങ്ങി.  ഞാനൊരു തുടരന്‍നോവല്‍എഴുതുന്നതായും എഴുതിയെഴുതി ഞാന്‍തന്നെ അതിലൊരു പ്രധാനകഥാപാത്രമാകുന്നതായും  നോവലെഴുതുന്ന എന്നെക്കുറിച്ച് മറ്റൊരാള്‍നോവല്‍എഴുതുന്നതായും സ്വപ്നം കണ്ടു. നടുങ്ങി ഉണര്‍ന്നു. ആലോചനകളോടെ വീണ്ടും ഉറങ്ങി.
വാരികയുടെ ഓഫീസില്‍  ഞാന്‍ജോലിയ്ക്ക് കയറിയിട്ട് മൂന്നു മാസമേ ആയിരുന്നുള്ളൂ. താമസം റിവര്‍വ്യൂ ലോഡ്ജിലെ പതിനൊന്നാം നമ്പര്‍മുറിയി.ല്‍. ആ മുറിയിലിരുന്ന്‍പേരുകേട്ട അനേകം എഴുത്തുകാര്‍നോവല്‍എഴുതിയിട്ടുണ്ട് എന്ന്, ഞങ്ങള്‍പരിചയപ്പെട്ട ആദ്യദിവസം കനകാംബരന്‍എന്നോട് പറഞ്ഞു.
"നല്ല രാശിയൊള്ള മുറിയാ. വാരിക ഒരെണ്ണം കയ്യില്‍ഇരിക്കുവല്ലേ. ഒന്നാഞ്ഞുപിടിച്ചാ നോവലൊരെണ്ണം എഴുതാം. ക്ലിക്കായാപ്പിന്നെ തിരിഞ്ഞുനോക്കണ്ട. ഒരെണ്ണമെങ്ങാനും സീരിയലായാ പിടിച്ചാ കിട്ടത്തില്ല കേട്ടോ"
ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞ്, ഒരു പണിയും കിട്ടാതെ, ഗതികേട്കൊണ്ട് ജനപ്രിയവാരികയില്‍പേന ഉന്താന്‍വന്ന ഞാനതിനെ ഒരല്‍പം പുച്ഛത്തോടെയാണ് കണ്ടത്.
"..ഇതിലൊക്കെ എഴുതിയിട്ട് എന്നാ കിട്ടാനാ. ഗൌരവമായിട്ട് ആരേലും വായിക്കുവോ..?"
കനകാ൦ബരന്‍ചിരിച്ചു.
"പതിനാറു ലക്ഷം കോപ്പി അടിച്ചോണ്ടിരുന്ന വാരികയാണ്. അതത്ര നിസ്സാരമല്ല.  അത്രേമില്ലെങ്കിലും ഇപ്പഴുമുണ്ടല്ലോ വായനക്കാര്‍."
"കൂടുതല്‍ആളുകള്‍വായിക്കുന്നതാണോ കനകാംബരാ നല്ല സാഹിത്യ൦.?
"അപ്പോപ്പിന്നെ ആരും വായിക്കാത്തതാണോ നല്ല സാഹിത്യം..?"   
കനകാംബരന്‍വാദിച്ചു. ഞാന്‍കൂടുതല്‍തര്‍ക്കിക്കാന്‍പോയില്ല. അപ്പോഴും, ഒരിക്കലും എഴുതപ്പെടാത്ത, ഭാവന ചെയ്യപ്പെടുക മാത്രം ചെയ്ത കഥയാണ് ഏറ്റവും ഉജ്ജ്വലമായ കഥയെന്ന് ആരോ ഉള്ളിലിരുന്നു പറഞ്ഞുകൊണ്ടിരുന്നു.
പിറ്റേന്ന് പത്തുപന്ത്രണ്ട് വയസുള്ളൊരു പെണ്‍കുട്ടി മുറ്റമടിക്കുന്ന ശബ്ദത്തിലേയ്ക്കാണ് ഞാന്‍ഉണര്‍ന്നത്. അവളുടെ മുഖം കണ്ടപ്പോള്‍, അവളെയെന്റെ ആരെങ്കിലുമായി ജനിപ്പിക്കാതിരുന്ന ദൈവത്തിന്‍റെ തന്തയ്ക്ക് പറയാന്‍തോന്നി.
വരാന്തയിലേയ്ക്ക് ചെന്നപ്പോള്‍എന്നെക്കണ്ട് അവള്‍തെളിഞ്ഞുചിരിച്ചു.
"അച്ഛനെന്തിയെ?"
"ചാച്ചന്‍പൊറത്തോട്ടിറങ്ങി.."
അപ്പോഴേയ്ക്കും ജയന്തി ഒരു ഗ്ലാസ് കട്ടനുമായി വന്നു.
"ഇന്നലെ നിങ്ങള് വന്നപ്പോളെയ്ക്കും ഇവളുറങ്ങിയാരുന്നു. എന്‍റെ മോളാ."
"മോള്‍ടെ പേരെന്തുവാ?"
ജയന്തി പറഞ്ഞു: "ജമന്തി"
"പഠിയ്ക്കാന്‍പോകുന്നില്ല്യോ?"
"ഉം. ഏഴിലാ. കുടമാളൂര്‍സ്കൂളില്"
മുറ്റം നിറയെ ജമന്തികള്‍പൂവിട്ടു നിന്നിരുന്നു. അരികില്‍തുളസിയും നന്ത്യാര്‍വട്ടവും. നന്ത്യാര്‍വട്ടത്തിന്‍റെ ഇലകളില്‍വിശ്രമിക്കുന്നൊരു ശലഭത്തെ ചാടിപിടിയ്ക്കാന്‍നോക്കുകയാണ് അപ്പച്ചന്‍. ശലഭം ഏതോ വഴിയ്ക്ക് പറന്നുപോയി. അപ്പച്ചന്‍അതേ ദിശയില്‍മിഴിച്ചുനോക്കിനിന്നു.
പൂവിന്റേയും പേരിന്റെയും ഭംഗി ഓര്‍ത്തുനില്‍ക്കുമ്പോള്‍ജമന്തി ചോദിച്ചു.
"സാറ് കഥയെഴുതണ ആളാ..? "
"അല്ല. എഴുതിയ കഥയൊക്കെ തിരുത്തണ ആളാ.."
ജമന്തിയും ജയന്തിയും വാപൊത്തി ചിരിച്ചു.
വൈകിട്ട് ഓഫീസ് വിട്ടു വന്നപ്പോള്‍കനകാംബരന്‍വീട്ടിലുണ്ട്. ചരുവത്തില്‍ഇട്ടുവച്ചിരുന്ന ആമകളെ നോക്കിയിരിക്കുന്നു.
"വെള്ളം ഇറങ്ങീട്ടില്ല. ഇതുങ്ങളെ എന്നാ ചെയ്യും. അങ്ങനെ ചാവത്തൊന്നുമില്ലാരിക്കും. ആമകള് പത്തിരുന്നൂറു വര്‍ഷമൊക്കെ ജീവിക്കുമെന്നാ. ഇനിയെന്നതാ സാറിന്‍റെ പ്ലാന്‍. ഇവിടെയങ്ങ് കൂടുവല്ല്യോ.."
ഞാന്‍തലയാട്ടി. കനകാംബരന്‍തുടര്‍ന്നു.
"അതാ അതിന്‍റെ ഒരു ശരി. ഇന്നിപ്പോ ഒന്നും കഴിച്ചില്ലല്ലോ. നമുക്ക് ചവിട്ടുവരി ഷാപ്പില്‍പോകാം. അവിടെ നല്ല കപ്പേം മീനും കിട്ടും. ചെലപ്പോ ഞണ്ടുകറീം."
വേഷം മാറ്റി ഞങ്ങളിറങ്ങി.
അനേകവര്‍ഷങ്ങളുടെ ഗൃഹാതുരത്വം കറുത്ത പൂപ്പല്‍പോലെ പടര്‍ന്ന മേശമേല്‍നിരത്തിയ രണ്ടു കുപ്പി കള്ളിനും കൊള്ളിപ്പുഴുക്കിനും മീന്‍കറിയ്ക്കും ഇടയിലുള്ള ഇത്തിരി സ്ഥലത്ത് കൈമുട്ടൂന്നി ഇരിക്കുമ്പോള്‍കനകാംബരന്‍വികാരഭരിതനായി.
"പതിനാലാം വയസിലാണ് ഞാന്‍കോട്ടയത്ത് വരുന്നത്. അങ്ങ് തോവാളെന്ന്. അപ്പന്‍മരിച്ചതിന്‍റെ പിറ്റേക്കൊല്ലം അമ്മ വേറൊരാളെ കെട്ടിയതിന്‍റെ കെറുവ് തീര്‍ക്കാന്‍എറങ്ങിപോന്നതാ. വന്നുപെട്ടത് ഇവിടെ. എനിക്കന്ന് എഴുത്തും വായനേം അറിയത്തില്ല. വിശപ്പ് മാത്രമാണ് കൂടെ ഒള്ളത്. തമിഴിന്‍റെ ചൊവയൊള്ള മലയാളത്തില് എന്തേലും ചോദിച്ചാ ആളുകള് മുഖത്തെയ്ക്ക് നോക്കും. സകല പിടീം വിട്ടപ്പോ ചന്തേല് ചുമട്ടുകാരുടെ കൂടെ ചേര്‍ന്നു. രാത്രി റെയില്‍വേസ്റ്റെഷനിലോ മനോരമയുടെ മുന്നിലെ കല്‍ബെഞ്ചിലോ കെടന്നുറങ്ങും. അല്ലെങ്കി ചുങ്കം വരെയോ സംക്രാന്തി വരെയോ തേരാപ്പാരാ നടക്കും. തിരുനക്കര മൈതാനത്ത് വന്നു വയറ്റത്തടിച്ചു പാട്ടുപാടും. അങ്ങനെ കൊറേ കാലം കഴിഞ്ഞാണ് ഗോപാലന്‍ചേട്ടനെ പരിചയപ്പെടുന്നത്. പുള്ളിക്കാരനന്ന് നാഗമ്പടം പാലത്തിന്‍റെ താഴെ ചായക്കച്ചോടം ആയിരുന്നു.  ഭാര്യയുണ്ട്. ജാനകിചേച്ചി. മക്കളില്ല. എന്നെ അവരങ്ങു ദത്തെടുത്തു എന്ന് പറയാം. ചേച്ചി മരിച്ചതിന്‍റെ പിറ്റേന്ന് കടയെന്നെ ഏല്‍പ്പിച്ച് ഗോപാലന്‍ചേട്ടന്‍ഒറ്റമുങ്ങല്‍. പിന്നെ കണ്ടട്ടില്ല. ഗോപാലന്‍ചേട്ടന്‍റെ വീടാണ് ഇപ്പഴത്തെ വീട്. ചായക്കട കൊറേക്കാലം ഞാന്‍കൊണ്ടനടന്നു. പിന്നെ വിട്ടു. എന്‍റെ കണ്ണീരും കയ്യും കണ്ടു വൈസ്മെന്‍ക്ലബ്കാര് ഒണ്ടാക്കി തന്നതാ ഇപ്പഴത്തെ പെട്ടിക്കട. ജീവിച്ചുപോകാന്‍ഇതൊക്കെ മതിയെന്നേ..."
എന്‍റെ ജീവിതം മറ്റൊരു തരത്തില്‍, മറ്റൊരു കാലത്തില്‍മറ്റൊരാള്‍വിവരിക്കുംപോലെയാണ് എനിയ്ക്ക് തോന്നിയത്. അതിന്‍റെയൊരു ചളിപ്പ്‌തീര്‍ക്കാന്‍കൊള്ളിപുഴുക്ക് മീന്‍കറിയില്‍മുക്കി തിടുക്കത്തില്‍വായില്‍വച്ചു. നല്ല എരിവ്. വാ പൊള്ളിയപോലെ. ഒരു ഗ്ലാസ് കള്ളു ഞാന്‍ഒറ്റ വലിയ്ക്ക്‌കുടിച്ചു. തല കുടഞ്ഞു.
"കോട്ടയത്ത് അക്കാലത്ത് പൈങ്കിളി വാരികകളുടെ ചാകരയായിരുന്നു. എന്‍റെ പെട്ടിക്കടയില്‍എല്ലാ മാസികകളുടെം വില്‍പ്പനയുണ്ടായിരുന്നു. മാസിക മാത്രം വിറ്റാ മതി. ജീവിക്കാം. വൈകുന്നേരമാകുമ്പോ പാലം പണിയ്ക്ക് പോകുന്നോരും പുഴയില് മണല്‍വാരാന്‍പോകുന്നോരും പെണ്ണുങ്ങളും വരും. ഓരോ നോവലിലെ കാര്യങ്ങള് പറഞ്ഞു തര്‍ക്കിക്കും. അടുത്താഴ്ച വാരികകള്‍വരും വരെ അവര്‍തര്‍ക്കിച്ചു."
ഞാന്‍ഇടയ്ക്കൊന്ന് ചോദിച്ചു.
"അക്കാലത്തായിരിക്കും കനകാംബരന്‍ജയന്തിയെ കണ്ടതും കെട്ട്യതും. അല്ലേ?"
"അതിന് അവളെന്‍റെ ഭാര്യയാണെന്ന്  ആര് പറഞ്ഞു."
"അല്ലേ?"
"അല്ല."
ലഹരി പടര്‍ന്ന കണ്ണുകള്‍കൊണ്ട് എന്നെ ചുഴിഞ്ഞു നോക്കി കനകാംബരന്‍. മീന്‍കറിയില്‍മുക്കിയ വിരല്‍നക്കി. പിന്നെ തുടര്‍ന്നു:
"ജമന്തി എന്‍റെ മോളുമല്ല.."
ഇവ ര്‍ക്കൊപ്പം ഒരു രാത്രി പങ്കിട്ടു എന്ന ഒറ്റക്കാരണത്താല്‍, വ്യഭിചാരകുറ്റത്തിന് നിക്കറുമിട്ടോണ്ട് പോലീസ് സ്റ്റേഷനില്‍നില്‍ക്കുന്ന സീന്‍ഉള്ളിലൂടെ ഒന്നുമിന്നിമറഞ്ഞെങ്കിലും ഞാനത് പുറത്തുകാണിച്ചില്ല.
"അപ്പോപ്പിന്നെ ആരാ..?"
"അതൊരു കഥയാ. പിന്നെ പറയാം. ഇപ്പൊ ഗ്ലാസിലൊള്ളത് വലി.."
ഷാപ്പില്‍നിന്നിറങ്ങുമ്പോള്‍, ഇപ്പോള്‍പെയ്യും എന്ന ഭീഷണിയുമായി ഒരു മഴ മാനത്ത് തൂങ്ങിനില്‍പ്പുണ്ടായിരുന്നു. ഞങ്ങളത് കാര്യമാക്കിയില്ല. വലിഞ്ഞു നടന്നു.
വീട്ടില്‍ചെല്ലുമ്പോള്‍ജയന്തിയും ജമന്തിയും വേലിക്കല്‍വന്നു നില്‍പ്പുണ്ട്.
കനകാംബരന്‍ചോദിച്ചു: "എന്നാ പറ്റി."
ജമന്തിയാണ് പറഞ്ഞത്: "ചാച്ചാ, അപ്പച്ചനെ കാണാനില്ല.."
"തെണ്ടി തിന്നാന്‍പോയിക്കാണും. അതിനു നിങ്ങളെന്നാത്തിനാ പേടിക്കുന്നെ. വന്നോളും.."
ജയന്തി പറഞ്ഞു: "അപ്പുറത്തെ ക്ലാര പറയുന്ന കേട്ടു. പാളത്തേല് ഒരു പൂച്ച ചത്ത്‌കിടക്കണൂന്ന്. ഒന്നു ചെന്ന് നോക്കിയിട്ട് വായോ."
കനകാംബരന്‍ഞങ്ങളെ മൂന്നുപേരേയും അമര്‍ത്തിനോക്കിയിട്ട് ഇരുട്ടിലേയ്ക്ക് ഇറങ്ങി നടന്നു.
ഞാന്‍മുറിയിലേയ്ക്ക് കയറാന്‍നോക്കുമ്പോ ജയന്തി തടഞ്ഞു.
"കിടക്കാന്‍പോവാണോ. അടിച്ചു വാരിയിട്ട്  എത്ര ദേവസായീന്നറിയ്വോ. ഒന്നു നില്‍ക്ക്. ഇപ്പോ ശരിയാക്കാം."
അവരൊരു ചൂല്‍കൊണ്ടുവന്നു മുറി അടിയ്ക്കാന്‍തുടങ്ങി. ജമന്തി അകത്തേയ്ക്ക് കയറി പോകുന്ന കണ്ടു. ഞാന്‍അരമതിലില്‍ഇരുന്നു. താഴെ വട്ടച്ചെരുവത്തില്‍ആമകള്‍വീര്‍പ്പടക്കി കിടക്കുന്നു.
മുറിയിലേയ്ക്ക് ചെന്നപ്പോള്‍, ജയന്തി മച്ചിലെ മാറാല തൂക്കുകയാണ്. ആ പടുതിയില്‍മാറിടം എടുത്തുപിടിച്ചു നില്‍ക്കുന്നത് ഞാനൊന്നു പാളി നോക്കി. എടുത്തുകുത്തിയ നൈറ്റിക്കടിയില്‍അരക്കെട്ടിന്‍റെ വിസ്താരം. വാതില്‍ക്കലേയ്ക്ക് നോക്കിയപ്പോള്‍ചെരുവത്തിലെ ആമകള്‍തോടിനകത്തെയ്ക്ക് തല വലിച്ചിരിക്കുന്നു. ഞാന്‍കൈനീട്ടി അവരുടെ ഇടുപ്പില്‍തൊട്ടു.
ഒരു നിമിഷം ഞെട്ടി അവര്‍ചൂല്‍താഴെയിട്ടു. നൈറ്റിയുടെ എടുത്തുകുത്ത് താഴ്ത്തിയിട്ടു. പിന്നെ ചോദിച്ചു.
"വാരികേടെ ഓഫീസില് കഥ തിരുത്തുന്ന പണി തന്നെയല്ലേ സാറിന്."
"അതെ"
"സാറ് കനകാംബരന്‍ചേട്ടന്‍റെ ആരാന്നാ പറഞ്ഞേ.."
"സ്നേഹിതന്‍" ഞാന്‍വിക്കി.
ജയന്തി തെളിഞ്ഞു ചിരിച്ചു.
"ആത്മാര്‍ത്ഥ സ്നേഹിതനാകുമ്പോ ഇങ്ങനെ തന്നെ വേണം.."
വാതില്‍കടന്നു പുറത്തേയ്ക്ക് പോയപ്പോള്‍അവര്‍ഇത്രയും കൂടി പറഞ്ഞു..
"കനകാംബരന്‍ചേട്ടന്‍തിരുത്തി എഴുതിയ കഥയാണ് ഞാന്‍. ആ കഥ ഇനി സാറായിട്ടു തിരുത്തണ്ട.."
ഞാന്‍മിണ്ടാതെ തല കുമ്പിട്ടിരുന്നു.
അല്‍പ്പം കഴിഞ്ഞപ്പോള്‍കനകാംബരന്‍വന്നു.
നടക്കല്ലില്‍ചെരുപ്പഴിച്ചിടുമ്പോള്‍അയാള്‍പറഞ്ഞു.
"അത് അപ്പച്ചനല്ല. വേറേതോ പൂച്ചയാ. പിന്നെ സാറേ. ഒരു കാര്യം പറയാന്‍മറന്നു. കരിയമ്പാടത്തെ പിള്ളചേട്ടന്‍റെ വാടക വീട്ടിലാരുന്നു വിജയന്‍സാറും ഭാര്യേം താമസിച്ചിരുന്നത്. ഇവിടെ തൊട്ടടുത്താ.."
"ആരാ"
".വി.വിജയനും തെരേസാമ്മയും.."
അതോടെ ഞാനുണര്‍ന്നു.
"സത്യം..?"
"സത്യം. ഒരിക്കെ ഞാന്‍പോയി കണ്ടിട്ടുണ്ട്. ഹോ..എന്നാ മനുഷ്യനാന്നേ."
"പുള്ളിക്കാരന്‍മിണ്ടുമായിരുന്നോ."
"അയ്യോ. മിണ്ടാതിരിക്കാന്‍അങ്ങേര്‍ക്ക് എന്നാ പറ്റി.?
"എന്തേലും ചോദിച്ചാ എഴുതി കാണിക്കത്തേ ഉള്ളെന്നാ ഞാന്‍കേട്ടേക്കുന്നെ.."
അപ്പോള്‍കനകാംബരന്‍സൂചിപ്പിച്ചു.
"എഴുത്തുകാരന്‍എഴുതിയാപ്പോരേ. വെറുതേ വളവളാ വര്‍ത്തമാനം പറയുന്നത് എന്തിനാ?"
അന്ന് രാത്രി ഉറക്കത്തില്‍കരിമ്പനപട്ടകളില്‍കാറ്റടിക്കുന്ന ശബ്ദം ഞാന്‍കേട്ടു. സാന്ധ്യശോഭകളിലൂടെ ആരോ നടക്കാനിറങ്ങിയിരിക്കുന്നു. ഇടയ്ക്കൊന്നുണര്‍ന്നപ്പോള്‍രണ്ടു പച്ചക്കണ്ണുകള്‍എന്നെ തുറിച്ചുനോക്കുന്ന കണ്ടു. ഞെട്ടി എഴുന്നേറ്റ് ലൈറ്റിട്ടപ്പോള്‍അട്ടിയിട്ടു വച്ചിരിക്കുന്ന വാരികകളുടെ മുകളില്‍അപ്പച്ചന്‍ഇരിക്കുന്നു. നോട്ടം എന്‍റെ നേരെയാണ്.
വലത്തേ കൈ താഴെ കുത്താതെ ഉയര്‍ത്തി പിടിച്ചിരിക്കുന്നു. കൈ ഒടിഞ്ഞതാണ്.
"നീ എവിടെ പോയേക്കുവാരുന്നു?"
ഞാന്‍അപ്പച്ചന് നേരെ അരുമയോടെ കൈനീട്ടി. പക്ഷേ അവന്‍എനിയ്ക്ക് നേരെ ചീറ്റി. ഞാന്‍പേടിച്ചു കൈകള്‍പിറകോട്ട് വലിച്ചു. എന്നെ ഒന്നുകൂടി തറച്ചുനോക്കി ഞൊണ്ടിഞൊണ്ടി,  അപ്പച്ചന്‍വീണ്ടും ജനല്‍വഴി പുറത്തേയ്ക്ക് പോയി.
ലൈറ്റണച്ചു വീണ്ടും കിടന്നപ്പോള്‍ഉറക്കം വന്നില്ല. ജയന്തിയുടെ മുഖം ഓര്‍മ്മ വന്നു. അവള്‍പറഞ്ഞതത്രയും തികട്ടി വന്നു. മനസിലെങ്ങോ ഒരു വ്രണം നൊന്തു.
അപ്പോള്‍എന്നെ നടുക്കിക്കൊണ്ട് താഴെ റോഡില്‍നിന്നും ആരോ വിളിച്ചു ചോദിച്ചു.
"കനകാംബരോ, നടത്തറ ജയന്തിയ്ക്ക് നീ രൂപക്കൂട് പണിതാലൊന്നും അവള് പുണ്യാളത്തി ആകത്തിലെടാ.  പടക്കമായാ പൊട്ടിയേ പറ്റൂ. അവളിനി മോളെ എന്നാ എഴുത്തിനിരുത്തുന്നേന്നു ചോദീര്.."
ആരോ ചിരിക്കുന്നതും കാര്‍ക്കിച്ചു തുപ്പുന്നതും പിന്നാലെ കേട്ടു.
പൊടുന്നനെ വീട്ടിലെ ലൈറ്റുകള്‍തെളിഞ്ഞു. വാതില്‍തുറന്നപ്പോള്‍'ഏതവനാടാ ഇത്ര കുത്തിക്കഴ' എന്നലറിക്കൊണ്ട് കൈയ്യിലൊരു വാക്കത്തിയുമായി കനകാംബരന്‍റോഡിലേയ്ക്ക് കുതിക്കുന്ന കണ്ടു.  'വേണ്ട ചാച്ചാ' എന്ന് കരഞ്ഞുകൊണ്ട്‌ജമന്തിക്കൊച്ച് പിന്നാലെ. ജയന്തി മുഖത്തൊരു ഭവഭേദവുമില്ലാതെ വാതിക്കല്‍നില്‍ക്കുന്നു.
ഞാന്‍മുറ്റത്തേക്ക്‌ഇറങ്ങി ചെല്ലുമ്പോഴേയ്ക്കും ജമന്തി കനകാംബരനെ പിടിച്ചുവലിച്ചു തിരികെ കൊണ്ടുവന്നു. വാക്കത്തി വലിച്ചെറിഞ്ഞ് അയാള്‍അരമതിലില്‍തലയും കുമ്പിട്ടിരുന്നു.
ഞാന്‍തോളില്‍കൈവച്ചപ്പോള്‍അയാള്‍തട്ടിക്കളഞ്ഞു. പിന്നെ പറഞ്ഞു:
"കേള്‍ക്കണം. കുറെ വര്‍ഷം മുന്‍പാണ്. തിരുനക്കര അമ്പലത്തിലെ ഉത്സവം കഴിഞ്ഞു റെയില്‍വേ സ്റ്റേഷന്‍ക്രോസ് ചെയ്ത് വരുമ്പോ ഗുഡ്സ് വണ്ടികള് നിര്‍ത്തിയിടുന്ന ഭാഗത്തെ മരക്കൂട്ടമില്ലേ. അവിടന്നൊരു കരച്ചില് കേട്ടു. ചെന്ന് നോക്കിയപ്പോള്‍ഒരു പെണ്ണ് തുണിയില്ലാതെ ചോര വാര്‍ന്ന് ബോധമില്ലാതെ കിടക്കണ്. അവള്‍ടെ കൊച്ച് ചോരയില്‍കിടന്നുരുണ്ട് കരച്ചിലോട് കരച്ചില്. ആരോ വിളിച്ചോണ്ട് വന്ന് കാര്യം കഴിഞ്ഞപ്പോ ഇട്ടേച്ചു പോയതാണ്. ഞാനാ കൊച്ചിനേം പെണ്ണിനേം മെഡിക്കല്‍കോളേജില്‍കൊണ്ടോയി. ചികിത്സിച്ചു. ഡിസ്ചാര്‍ജ് ചെയ്തപ്പോ പോകാന്‍എടമില്ല എന്നറിഞ്ഞ് എന്‍റെ വീട്ടില്‍കൊണ്ടന്നു. ഇവിടെ താമസിച്ചോളാന്‍പറഞ്ഞു. ആ പെണ്ണും കൊച്ചുമാണ് ഈ നില്‍ക്കണത്. വര്‍ഷം ഇത്രേം ആയിട്ടും ഇവരുടെ പൂര്‍വ്വകാല കഥയൊന്നും ഞാന്‍ഇത് വരെ ചോദിച്ചിട്ടില്ല. എനിയ്ക്കത് അറിയേം വേണ്ട. കെട്ടിച്ചു വിട്ട പെങ്ങള് കെട്ട്യോന്‍ചത്തപ്പോള്‍മോളേം കൊണ്ട് ആങ്ങളെ കാണാന്‍വന്നു. അത്രേ ഞാന്‍കരുതീട്ടുള്ളൂ. പക്ഷെ നാട്ടുകാര്‍ക്ക് അതുപോരാ. ഇതുങ്ങളെ നശിപ്പിച്ചേ പറ്റൂ. അതിനൊള്ള മറുപടി മൂര്‍ച്ചയൊള്ള വാക്കത്തി തന്നാ. അല്ലേ?"
ഞാന്‍ഒന്നും പറഞ്ഞില്ല. ജയന്തി മോളേയും കൊണ്ട് അകത്തേയ്ക്ക് പോയി. ഓട്ടത്തിനിടയില്‍കനകാംബരന്‍റെ കാല്‍തട്ടി ചരുവം താഴെ മുറ്റത്തേക്ക്‌മറിഞ്ഞിരുന്നു. വെള്ളം വരാന്തയിലും മുറ്റത്തും ഒഴുകിപ്പരന്നിരിക്കുന്നു. മലര്‍ന്നു വീണ ആമകള്‍കയ്യും കാലുമിട്ടു തുഴയുന്നു. അവറ്റകളുടെ പാവം തോന്നിക്കുന്ന തുഴച്ചില്‍നോക്കി ഞാനും കനകാംബരനും ഇരുന്നു.
"അന്നിതുപോലെ ജയന്തിയേം കൊച്ചിനേം ആശുപത്രിയിലാക്കി, ഇനിയെന്തോ ചെയ്യും എന്നറിയാതെ നില്‍ക്കുമ്പോ കയ്യിലേയ്ക്ക് ഒരു കുത്ത് നോട്ടെടുത്ത് തന്നിട്ട് എന്താവശ്യമുണ്ടെലും ചോദിയ്ക്കാന്‍മടിക്കണ്ടാടാ എന്ന് പറയാനും ഒരാളുണ്ടായിരുന്നു.."
"ആരായിരുന്നു അത്..?"
"നിങ്ങളറിയും. പൈങ്കിളി വാരികേല്‍കഥ എഴുതുന്ന ഒരാളാ. പേര് മാത്യു മറ്റം."
കുറ്റാന്വേഷണകഥയിലെ ഉദ്വേഗജനകമായ നിമിഷങ്ങള്‍, ഹൃദയമിടിപ്പിനെ രാകുന്നത് ഞാനറിഞ്ഞു. കനകാംബരന്‍തുടര്‍ന്നു:
"അക്ഷരനഗരത്തില്‍അങ്ങനെ ചിലരൊക്കെ ഒള്ളത് നല്ലതല്ലേ.."
മറുപടി പറയാതെ ഞാന്‍നിശബ്ദത പാലിച്ചു.
അന്ന് വൈകിട്ട് ഞാനും കനകാംബരനും കരിയമ്പാടത്തേയ്ക്ക് വെറുതേ നടക്കാന്‍പോയി. .വി.വിജയന്‍താമസിച്ചിരുന്ന വീടിന്‍റെ ഗെയ്റ്റ് പൂട്ടികിടക്കുന്നു. മുറ്റം നിറയെ കരിയിലകള്‍വീണുകിടപ്പുണ്ട്. ആള്‍പ്പെരുമാറ്റം ഉള്ളതിന്‍റെ ഒരു ലക്ഷണവുമില്ല. അയല്‍ക്കാരന്‍മതിലിനു മുകളിലൂടെ എത്തിച്ചുനോക്കി. അയാള്‍വിളിച്ചുപറഞ്ഞു.
"അവിടാരുമില്ല. വീട് നോക്കാനാണോ. വിജയന്‍സാറും ഭാര്യേം പോയേപ്പിന്നെ വേറാര്‍ക്കും വീട് കൊടുത്തിട്ടില്ല.."
വരാന്തയിലെ കസേരയില്‍ഒരു പൂച്ചയിരുന്നു കൈ നക്കുന്നു.
കനകാംബരന്‍പറഞ്ഞു: "അയ്യോടാ, അത് നമ്മടെ അപ്പച്ചനല്ലേ.."
ഞാനും നോക്കി അപ്പച്ചന്‍തന്നെ. ഒടിഞ്ഞ കയ്യില്‍ഒരു കോല്‍വച്ചുകെട്ടിയിട്ടുണ്ട്. മഞ്ഞള്‍അരച്ച് തേച്ചപോലെ കയ്യിലാകെ മഞ്ഞനിറം.
അയല്‍ക്കാരന്‍റെ തല വീണ്ടും മതിലിനു മുകളില്‍കണ്ടു.
"ഇന്നലെ രാത്രി വന്നു കയറിയതാന്നു തോന്നുന്നു. വണ്ടി തട്ടിയതാകും. കയ്യൊടിഞ്ഞിട്ടുണ്ട്. എന്തായാലും  ആരോ മരുന്നും മന്ത്രോം ചെയ്ത്  ജീവന്‍വപ്പിച്ചല്ലോ."
കനകാംബരനെ കണ്ടെങ്കിലും അപ്പച്ചന്‍പരിചയം ഭാവിച്ചില്ല. കസേരയിലിരുന്ന് കൈ നക്കിക്കൊണ്ടിരുന്നു.
തിരിച്ചുനടക്കുമ്പോള്‍കനകാംബരന്‍പറഞ്ഞു.
"പൂച്ചകള്‍ക്ക് അല്ലെങ്കിലും നന്ദിയോ സ്നേഹമോ കാണില്ല. അതിനൊക്കെ പട്ടികളാ ബെസ്റ്റ്.."
താഴെ റെയില്‍പാളത്തിനരികില്‍റോഡ്‌അവസാനിക്കുകയാണ്.  ഇരുവശവും എരിക്കുകള്‍പൂത്തുനില്‍ക്കുന്നു. വാട്ടര്‍അതോറിറ്റിയുടെ കൂറ്റന്‍കോണ്‍ഗ്രീറ്റ് പൈപ്പുകള്‍കൂട്ടിയിട്ടതിനു ചുറ്റും കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇരുണ്ടകാട്.  ഒരു പൈപ്പിന് മുകളില്‍കയറി കാല്‍തൂക്കിയിട്ടിരിക്കുമ്പോള്‍കനകാംബരന്‍പറഞ്ഞു.
"ഞാറ്റുപുരയിലെ ജനാലപ്പടിയില്‍ഭഗവദ്ഗീതക്കൊപ്പം മുട്ടത്തുവര്‍ക്കിയെ വച്ചപ്പോഴുണ്ടായ പുകിലൊക്കെ എന്നാ തമാശയായിരുന്നു.  അന്ന് ബഹളം വച്ചവരൊക്കെ ഇപ്പോ എവിടെയാണാവോ? ജീവിതം മൊത്തത്തില്‍പൈങ്കിളിയാണെന്ന് മനസിലായിക്കാണും. ...അല്ല്യോ"
അയാള്‍ഉറക്കെ ചിരിച്ചു. ഞാനൊന്നും പറഞ്ഞില്ല.
അടുത്ത രണ്ടു ദിവസവും തോരാതെ മഴ പെയ്തു. പുഴയില്‍പിന്നെയും വെള്ളം കയറി. അടുത്തൊന്നും ലോഡ്ജിലേയ്ക്ക് താമസം മാറ്റാന്‍കഴിയില്ലെന്ന് ഉറപ്പായി. ഒരു ദിവസം ഓഫീസ് വിട്ടുവരുമ്പോള്‍കനകാംബരന്‍പുറത്തെങ്ങോ പോകാന്‍ഇറങ്ങുകയാണ്.
"ഈ മഴയത്ത് എങ്ങോട്ടാ? ഞാന്‍ചോദിച്ചു.
വാതില്‍ക്കല്‍നിന്ന ജയന്തിയാണ് മറുപടി പറഞ്ഞത്.
"ജമന്തി ഏതാണ്ടും നോട്ട് ബുക്ക് വാങ്ങാന്‍മേഴ്സി ടീച്ചറുടെ വീട് വരെ പോയേക്കുവാ. കുട കൊണ്ടോയിട്ടില്ല. അവളെ കൊണ്ടരാന്‍പോകുവാ.."
മഴയിലൂടെ നടക്കാമല്ലോ എന്ന് കരുതി ഞാന്‍പറഞ്ഞു.
"ഞാനും വരാം.."
"എന്നാ വാ.." കനകാംബരന്‍എന്നെ ക്ഷണിച്ചു.
ഞങ്ങള്‍രണ്ടും കൂടെ മഴയിലൂടെ നടന്നു.
"തുമ്പിക്കൈ വണ്ണത്തില്‍മഴ പെയ്യുമ്പോ ഈ പെണ്ണന്നാത്തിനാ കൊടയില്ലാതെ പോയതാവോ?"
നടക്കുന്നതിനിടയില്‍കനകാംബരന്‍ചൊടിച്ചു.
തേക്കണ്ണി മനക്കാരുടെ പറമ്പിന്‍റെ തെക്കേ അറ്റത്തായിരുന്നു മേഴ്സി ടീച്ചറുടെ വീട്. മുന്നിലെ തോടിലൂടെ കലക്കവെള്ളം കുത്തി ഒഴുകുന്നു. മരങ്ങളും ചെടികളും മഴയേറ്റ്‌കുതിര്‍ന്നു നിന്നു. നീര്‍ച്ചാലിലൂടെ ഒരു മുഴി താഴെ പാടത്തേയ്ക്ക് തെന്നി നീങ്ങി.
മുറ്റത്തേയ്ക്ക് കയറി ചെന്ന് കനകാംബരന്‍ഉറക്കെ വിളിച്ചു.
"ടീച്ചറേ.."
"എന്നതാ കനകാംബരാ ഈ മഴയത്ത്.." ടീച്ചര്‍വരാന്തയിലേയ്ക്ക് ഇറങ്ങി വന്നു.
"കൊച്ച് കൊടയില്ലാതാ വന്നേ. അവള്‍ക്ക് കൊടയുമായിട്ട് വന്നതാ. അവളെന്തിയെ?"
"ആര്? ജമന്തിയോ. അവള് വന്നുപോയിട്ട് നേരം കൊറേ ആയല്ലോ. വീട്ടിലേയ്ക്ക് എത്തിയില്ലാരുന്നോ..?"
കനകാംബരന്‍റെ മുഖം ഇരുണ്ടു.
"ചെലപ്പോ കൊടയില്ലാത്തോണ്ട് വല്ല കടത്തിണ്ണേലും കേറി നിക്കുവായിരിക്കും.."
"ഏയ്‌. അങ്ങനെ വരാന്‍വഴിയില്ലല്ലോ." കനകാംബരന്‍സംശയിച്ചു.
ഞാന്‍പറഞ്ഞു.
"വാന്ന്. പെണ്ണ് ചെല്ലപ്പോ മനക്കാര്ടെ റബ്ബര്‍കുടി ചാടി വീട്ടില്‍എത്തിക്കാണും."
". അതു ശരിയാ..അപ്പോ പോട്ടെ ടീച്ചറെ."
കനകാംബരനും ഞാനും തിരിച്ചു നടന്നു.
"മേഴ്സി ടീച്ചറാ എന്നേം എഴുത്തും വായനേം പഠിപ്പിച്ചത്. "
തോട് വട്ടം ചാടി കടക്കുന്നതിനിടയില്‍അയാള്‍ഓര്‍മ്മിച്ചു.
"കടയില് വരുന്നവര് മാസിക വായിച്ചിട്ട് കഥ പറയുന്നത് കേള്‍ക്കുമ്പോ നമ്മക്കും തോന്നും ഒന്ന് വായിക്കാന്‍. വായന എന്ന് പറയണത് എന്തോ കൂടോത്രമാണെന്ന് എനിക്കന്നേ തോന്നി. ടീച്ചറോട് പറഞ്ഞപ്പോ നൂറു സമ്മതം. അങ്ങനെ എന്നും വൈകിട്ട് കടയടച്ചിട്ട് ഞാന്‍ടീച്ചറെ കാണാന്‍വരും. ടീച്ചറ് കൊച്ചുപിള്ളേരെ പഠിപ്പിക്കണ പോലെ പഠിപ്പിക്കും. വാരികകള് എടുത്ത് വച്ച് വായിക്കാന്‍പറയും. തെറ്റിയാല്‍പുളിവാറലിന് കിണ്ണങ്കാച്ചി അടിയാണ്. ഏതു മോനും പഠിച്ചുപോകും. മൂന്നേമൂന്ന്‍മാസം. ഞാനും പഠിച്ചു. മലയാളം എഴുതാനും വായിക്കാനും."
"എന്നിട്ടോ?"
"എന്നിട്ടെന്താ. ഞാനും വായിച്ചു തുടങ്ങി. ഞാന്‍ആദ്യം വായിച്ചത് മാത്യു മറ്റത്തിന്‍റെ ആലിപ്പഴം എന്ന നോവലാണ്‌. കറണ്ടടിപ്പിക്കണ പോലാ പുള്ളിക്കാരന്‍റെ എഴുത്ത്. ഇടയ്ക്ക് കടയില് വരും. സിഗരറ്റ് വലിക്കാന്‍. അപ്പോ ഞാന്‍പറയും. സാറേ മിനിക്കുട്ടീടെ കാര്യം കഷ്ടാണുട്ടോ. എന്തേലും അടിയന്തിരായിട്ട് ചെയ്യണുന്ന്. പുള്ളിക്കാരന്‍വെറുതെ ചിരിക്കത്തേ ഒള്ള്. നീയിതൊക്കെ വായിക്കാണ്ട് എം.ടിനേം വിജയനേം മുകുന്ദനേം ഒക്കെ വായിക്ക് കനകാംബരാ. ജീവിതത്തിനൊരു തെളിച്ചം ഇണ്ടാവട്ടെ എന്ന് പറയും. മാത്യു മറ്റം സാറാണ് എനിയ്ക്ക് പബ്ലിക് ലൈബ്രറിയില് മെമ്പര്‍ഷിപ്പ് എടുത്ത് തന്നത്. അത് നന്നായി. അതീപ്പിന്നെ  എന്തോരും പൊസ്തകമാണ് വായിച്ചു തള്ളിയത്."
നിരത്തിന്‍റെ താഴ്ചകളിലൂടെ, ഓര്‍മ്മകള്‍പോലെ കലങ്ങി ഒഴുകുന്ന മഴവെള്ളം തട്ടിത്തെറിപ്പിച്ചുകൊണ്ട് കനകാംബരന്‍നടന്നു. പിറകെ ഞാനും.
തുള്ളിക്കുത്തി പെയ്യുന്ന മഴയിലൂടെ ഞങ്ങള്‍വീണ്ടും വീട്ടിലെത്തിയപ്പോള്‍ജയന്തി പരിഭ്രമത്തോടെ വരാന്തയില്‍നില്‍പ്പുണ്ട്.
"പെണ്ണെന്തിയേ..?"
"അവളിങ്ങു വന്നില്ലേ?"
"ഇല്ലെന്ന്." ജയന്തി കരയാന്‍തുടങ്ങി.
"അയ്യോ എന്‍റെ കൊച്ചിന് എന്നാ പറ്റി. അവളെങ്ങോട്ട് പോയി. കനകാംബരന്‍ചേട്ടാ എനിയ്ക്ക് വയ്യായേ"
കനകാംബരന്‍കയ്യിലിരുന്ന കുട വലിച്ചെറിഞ്ഞു. മഴയിലേക്കിറങ്ങി. കയ്യാല കടന്ന്, വന്ന വഴിയേ തിരിച്ചോടുന്ന അയാളുടെ പിറകെ ഞാനുമോടി. മനക്കാരുടെ കുടിയിലും തോട്ടിലും കപ്പക്കാലായിലും ഞങ്ങള്‍കയറി ഇറങ്ങി. മഠ൦വക കശുമാവിന്‍തോട്ടത്തില്‍ഒരു പ്രദക്ഷിണം വച്ചു. കരിയമ്പാടത്തേയ്ക്കുള്ള റോഡിലൂടെ റെയില്‍പാളം വരെ ഞങ്ങള്‍തിരക്കിട്ടോടി.
കവലയില്‍വന്നു കടകളില്‍അന്വേഷിച്ചു. അടുത്തുള്ള വീടുകളില്‍പോയി നോക്കി. ആരും കണ്ടവരില്ല. ചോദിച്ചവരൊക്കെ കൈമലര്‍ത്തി. ഒടുവില്‍, അമ്പാടി ഹോട്ടലിന്‍റെ വരാന്തയില്‍കനകാംബരന്‍എന്ത് ചെയ്യണം എന്നറിയാതെ വിമൂകം ഇരിപ്പായി. ഞാനും കൂടെ ഇരുന്നു. ഇരുട്ടായി. കടകള്‍അടച്ചുതുടങ്ങി. മഴ പിന്നെയും പെയ്തു.
ഞങ്ങളുടെ ഇരുപ്പുകണ്ട്, അമ്പാടി ഹോട്ടലിലെ ദാമോദരഷേണായി വന്നു ചോദിച്ചു.
"എന്നാ പറ്റി.?"
കനകാംബരന്‍മുഖമുയര്‍ത്തിയില്ല.
ഞാന്‍പറഞ്ഞു.
"കൊച്ചിനെ കാണാനില്ല."
"ഏതു കൊച്ച്?"
ഞാന്‍കനകാംബരന്‍റെ നേരെ നോക്കി.
ഷേണായി എന്നെ കയ്യില്‍പിടിച്ച് ഒരരികിലേയ്ക്ക് കൊണ്ടുപോയി ചോദിച്ചു.
"ഇങ്ങേരുടെ കൂടെ താമസിക്കണ പെണ്ണുംപിള്ളേടെ മോളാണോ.."
ഞാന്‍തലയാട്ടി.
ഷേണായി എന്നെ ഒന്നിരുത്തി നോക്കി.
"ആ കേസൊന്നും നമ്മളെ പോലെ ഒള്ളോരു പിടിക്കാതിരിക്യാ നല്ലത്. ഒള്ള നേരത്തെ പോലീസില്‍ഒരു പരാതി കൊടുക്കാമ്പറാ"
ഷേണായി കടയ്ക്കുള്ളിലേയ്ക്ക് വലിഞ്ഞു.
ഞാന്‍വീണ്ടും കനകാംബരന്‍റെ അടുത്ത് ചെന്നിരുന്നു. തോളില്‍കൈവച്ചു.
"നമുക്ക് സ്റ്റേഷനില്‍ചെന്ന് പറഞ്ഞാലോ. എന്തേലും അപകടം പറ്റിയതാണെങ്കി..."
ഞാന്‍പാതിയില്‍നിര്‍ത്തി.
കനകാംബരന്‍എന്നെ നോക്കാതെ എഴുന്നേറ്റ് നടന്നു തുടങ്ങി. ഞാന്‍പിറകേയും.
മരങ്ങളുടെ ഇരുണ്ട പച്ചക്കുള്ളില്‍, കമ്പിവേലികള്‍കൈകോര്‍ത്തു നില്‍ക്കുന്ന പോലീസ് സ്റ്റേഷന്‍റെ മഞ്ഞക്കെട്ടിടം  ഞങ്ങളെ കാത്തുനില്‍ക്കു൦ പോലെ തോന്നി. കാവല്‍ക്കാരന്‍റെ നോട്ടം ഞങ്ങളെ കടന്നു മറുപുറം പോയി.
എസ്..ഉണ്ടായിരുന്നില്ല.
ഡ്യൂട്ടിയില്‍ഉണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ചോദിച്ചു.
"എന്താ പരാതി"
ഞാന്‍കാര്യം പറഞ്ഞു.
അയാള്‍ഒരു പേനയും പേപ്പറും തന്നിട്ട് പറഞ്ഞു.
"പരാതി ഈ പേപ്പറിലോട്ട്  വിശദമായി എഴുതിത്താ..."
അയാള്‍ഞാന്‍പറഞ്ഞ വിവരങ്ങള്‍ആരേയോ ഫോണില്‍വിളിച്ചറിയിക്കുന്ന കേട്ടുകൊണ്ടു സന്ദര്‍ശകര്‍ക്കുള്ള കസേരയിലിരുന്ന് ഞാനൊരു പരാതി എഴുതി. കനകാംബരന്‍എന്‍റെ അടുത്ത് വന്നിരുന്നു. പരാതി വായിച്ചു നോക്കി. ഒപ്പിട്ടു.
അപ്പോള്‍എസ്.. കയറിവന്നു.
അയാള്‍ഞങ്ങളെ ശ്രദ്ധിക്കാതെ ഓഫീസ് മുറിയിലേയ്ക്ക് കയറിപ്പോയി.
കുറച്ചു കഴിഞ്ഞ്, ഒരു പോലീസുകാര ന്‍വന്നറിയിച്ചു.
"സാറ് വിളിക്കുന്നു."
ഞങ്ങള്‍എസ്..യുടെ മുറിയിലേയ്ക്ക് ചെന്നു.
ഞാന്‍വിവരങ്ങള്‍പറയാന്‍തുടങ്ങിയപ്പോള്‍അയാള്‍കയ്യുയര്‍ത്തി വിലക്കി. പരാതി വാങ്ങി കുറേനേരമെടുത്ത് വായിച്ചു.
പിന്നെ ചോദിച്ചു:
"ആരാ പരാതിക്കാരന്‍.?
കനകാംബരന്‍പറഞ്ഞു.
"ഞാനാ"
എന്നെ ചൂണ്ടി എസ്.. ചോദിച്ചു.
"അപ്പൊ ഇയാളോ?"
ഞാനപ്പോള്‍ജോലി ചെയ്യുന്ന വാരികയുടെ പേരും വിവരങ്ങളും പറഞ്ഞു. എസ്.ഐ അത് ശ്രദ്ധിച്ചതായി തോന്നിയില്ല.  അയാള്‍കനകാംബരനോട് ചോദിച്ചു:
"കാണാതായ ഈ പെണ്‍കുട്ടി നിങ്ങളുടെ ആരാന്നാ പറഞ്ഞേ..?"
അപ്പോള്‍, ആദ്യം കണ്ട പോലീസുകാരന്‍മുറിയിലേയ്ക്ക് കയറി വന്നു. കനകാംബരന്‍വിക്കിവിക്കി പറഞ്ഞു.
"എന്‍റെ മോളാ"
ഞാന്‍തിരുത്തി.
"ശരിക്കും മോളല്ല."
കനകാംബരന്‍എന്നെ നോക്കി. പോലീസുകാരന്‍പറഞ്ഞു.
"മോളെപ്പോലെ എന്നതാണ് ശരി.."
"അതെന്താ അങ്ങനെ.." എസ്.. തിരക്കി.
പോലീസുകാരന്‍ആദ്യം ഞാന്‍വിവരിച്ച കാര്യങ്ങള്‍ചുരുക്കിപ്പറഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍എസ്.. പറഞ്ഞു.
"ഒന്നാലോചിച്ചാ പെങ്കൊച്ച് എങ്ങോട്ട് പോയെന്ന് കനകാംബരനു തന്നെ അറിയാമെന്നാ എനിയ്ക്ക് തോന്നുന്നത്.."
അലമാരയില്‍ഒരു ഫയല്‍തിരയുന്നതിനിടയില്‍പോലീസുകാരന്‍തിരിഞ്ഞുനിന്നു സൂചിപ്പിച്ചു.
"ഇപ്പോ രണ്ടാനച്ഛന്‍മകളെ പീഡിപ്പിച്ചു. കൊന്നുകെട്ടിത്തൂക്കി. അമ്മ ഒത്താശ ചെയ്തു. എന്നൊക്കെ സ്ഥിരം വാര്‍ത്തയല്ല്യോ. സാറൊന്നു വിശദമായി സംസാരിച്ചാല്‍ചെലപ്പോ കനകാംബരന് ഓര്‍മ്മ വന്നേക്കും..."
ഞാന്‍വിയര്‍ത്തു. കനകാംബരന് അവര്‍പറഞ്ഞതൊന്നും മനസിലായില്ല എന്ന് തോന്നി. അയാള്‍ഞങ്ങളെ മൂന്നുപേരെയും മാറി മാറി നോക്കി.
എസ്..ചോദിച്ചു.
"ഈ കാണാതായ കൊച്ചിന്‍റെ പേരെന്തുവാ"
ഞാന്‍പറഞ്ഞു.
"ജമന്തി"
"അമ്മയുടെ പേരോ?"
"ജയന്തി"
"'ന്താ'-യ്ക്ക് എന്തൊരു ഭംഗിയാ. അല്ലിയോ സദാശിവാ?"
പോലീസുകാരന്‍ചിരിച്ചു.
"നായും തായും ചേരുമ്പോ ഒണ്ടാകുന്ന ഭംഗിയാ സാറേ. തന്തയിലും ഒരു 'ന്താ' ഒണ്ട്."
എസ്..എന്നോട് പറഞ്ഞു.
"താനൊന്നു പുറത്തോട്ടിരി. ഞാന്‍ഇയാളോട് ചെല കാര്യങ്ങള് ചോദിച്ചു മനസിലാക്കട്ടെ.."
ഞാന്‍പുറത്തിറങ്ങി സന്ദര്‍ശകരുടെ കസേരയില്‍വന്നിരുന്നു. ഇരുന്നു മടുത്തപ്പോള്‍മുറ്റത്തേക്ക്‌ഇറങ്ങി നിന്നു. ദൂരെ കശുമാവിന്‍തോട്ടത്തിനപ്പുറത്തു നിന്നും ഒരു മഴ ഇരച്ചു വന്നു. നിസ്സഹായനായ ആരുടെയോ അലമുറ പോലെ ആയിരുന്നു അത്. കാതടച്ചുപോയി. പോലീസ് സ്റ്റേഷന്‍റെ മുറ്റം മേഞ്ഞിരിക്കുന്ന ആസ്ബറ്റോസ് ഷീറ്റിനു മുകളിലേയ്ക്ക് വലിയ ശബ്ദത്തില്‍മഴ വന്നുവീണു. അകത്തുനിന്നും ആരുടെയോ കരച്ചില്‍കേട്ടപോലെ തോന്നി. മഴയുടെ ഇരമ്പത്തില്‍വ്യക്തമായില്ല. നിന്നുനിന്ന് മടുത്തപ്പോള്‍വീണ്ടും കസേരയില്‍ചെന്നിരുന്നു. അപ്പോള്‍പഴയ പോലീസുകാരനെ കണ്ടു.
അയാള്‍ചോദിച്ചു.
"താന്‍പോയില്ലേ?"
"കനകാംബരന്‍വന്നില്ല."
അയാള്‍ചിരിച്ചു.
"അവന്‍വന്നോളും. താന്‍പോയേ.."
"കനകാംബരനെ ഒന്ന് കാണാന്‍പറ്റ്വോ..കണ്ടു പറഞ്ഞിട്ട് പൊയ്ക്കോളാം.."
പോലീസുകാരന്‍റെ വിധം മാറി.
"യാത്ര പറഞ്ഞുപോകാന്‍ഇതെന്താ നിന്‍റെ അച്ചിവീടാണോഡാ...പോടാ..."
ഞാന്‍നിന്നു പരുങ്ങി.
തെണ്ടിപ്പൂച്ചയെ ആട്ടും പോലെ അയാള്‍വീണ്ടും പറഞ്ഞു.
"പോടാ"
ഞാന്‍ഇരുട്ടിലേയ്ക്ക്, മഴയിലേയ്ക്ക് ഇറങ്ങി നടന്നു.
വീട്ടിലെത്തിയപ്പോഴേയ്ക്കും ഞാനാകെ നനഞ്ഞുകുളിച്ചു. കറണ്ട് ഉണ്ടായിരുന്നില്ല. ജയന്തി അരമതിലില്‍ഒരു മെഴുകുതിരി കൊളുത്തി വച്ചിരുന്നു. എന്നെ കണ്ടപാടെ അവള്‍എഴുന്നേറ്റു വന്നു. കരഞ്ഞുകരഞ്ഞ് അവളുടെ ശബ്ദം എഴുകുന്നുണ്ടായിരുന്നില്ല.
"മോളെ കണ്ടോ..കനകാംബരന്‍ചേട്ടന്‍എന്തിയേ?"
ഞാന്‍മിണ്ടാതെ നിന്നു. ജയന്തി ഉച്ചത്തില്‍കരയാ.ന്‍തുടങ്ങിയപ്പോള്‍ഞാനൊരു നുണ പറഞ്ഞു.
"കൊച്ച് ഏതോ ബസ് മാറിക്കേറി കാഞ്ഞിരപ്പിള്ളീല്‍വരെ പോയെന്നാ തോന്നുന്നേ. കനകാംബരനേ൦ കൂട്ടി പോലീസുകാര് അങ്ങോടു പോയേക്കുവാ"
"മേഴ്സി ടീച്ചറുടെ വീട്ടീപ്പോയ അവളെന്തിനാ ബസില്‍കേറിയേ.."
"അതറിയാന്‍മേല. എന്തായാലും നേരം വെളുക്കട്ടെ.."
ഞാന്‍പറഞ്ഞത് ജയന്തി വിശ്വസിച്ചില്ലെന്ന് അവളുടെ മുഖം പറഞ്ഞു.
ഞാന്‍മുറിയില്‍കയറി തല തോര്‍ത്തി. ഉടുപ്പ്  മാറ്റി. കൂജയില്‍നിന്നും കുറെ വെള്ളമെടുത്ത് മടമടാ കുടിച്ചു.
കുറെ നേരം കട്ടിലില്‍കയറി കിടന്നു. ഇടയ്ക്കൊന്ന് ഉറങ്ങിപ്പോയെന്നു തോന്നുന്നു. ആരോ കരയുന്ന കേട്ടാണ് ഉണര്‍ന്നത്. കണ്ണ് തിരുമ്മി നോക്കിയപ്പോള്‍ശരിയാണ്. അകത്തെ മുറിയില്‍നിന്നും ജയന്തിയാണ് കരയുന്നത്.
"എന്നാത്തിനാ കരയുന്നേ. നേരം വെളുക്കുമ്പോ അവരിങ്ങു വരുമെന്നേ.."
ഞാന്‍ആശ്വസിപ്പിച്ചു.
അവളെന്‍റെ കൈത്തണ്ടയില്‍മുറുകെപ്പിടിച്ചു.
"സത്യം പറ. എന്‍റെ കൊച്ചിന് എന്നാ പറ്റിയതാ. കനകാംബരന്‍ചേട്ടനെങ്ങോട്ട്‌പോയതാ.."
ഞാന്‍അവളുടെ  തോളില്‍ത്തട്ടി.
"ഒന്നു കരയാതിരി. ഒന്നുമില്ലെന്ന്.."
അവപ്പോള്‍തളര്‍ച്ചയോടെ എന്നെ ചുറ്റിപ്പിടിച്ചു. ഞാന്‍അവളെ എന്‍റെ നെഞ്ചിലേക്കെടുത്തു. പുറത്ത് ഒരു ഇടിവാള്‍മിന്നി. മഴ വീണ്ടും വരികയാണ് എന്ന് തോന്നി. ഞാന്‍ജയന്തിയുടെ കഴുത്തില്‍ഉമ്മ വച്ചു.
അപ്പോള്‍അവളെന്നെ അവിശ്വസനീയതയോടെ നോക്കി. പിന്നെ തള്ളി മാറ്റി. ഞാന്‍വീണ്ടും അവളെ ചുറ്റിപ്പിടിയ്ക്കാന്‍ശ്രമിച്ചു. അവള്‍ കുതറി. കൈ വിടുവിക്കാന്‍നോക്കിയപ്പോള്‍കാല്‍തെറ്റി പിന്നോട്ട് മലച്ചു. എന്‍റെ പിടി വിട്ടുപോയി. ജയന്തി തല ഭിത്തിയിലിടിച്ചു താഴെ വീണു.
അനക്കമില്ലാതെ കിടക്കുന്ന കണ്ടപ്പോള്‍ബോധം മറഞ്ഞുവെന്ന് തോന്നി. ഉണര്‍ത്താന്‍പോയില്ല. തുറന്നുകിടന്ന വാതിലിലൂടെ തണുത്ത കാറ്റ് അകത്തേയ്ക്ക് വന്നു. ഞാന്‍ചെന്ന് വാതിലടച്ചു.
തിരിഞ്ഞുനോക്കിയപ്പോള്‍ജയന്തി  അതേ കിടപ്പാണ്. എനിക്കപ്പോള്‍നോവലിനായി വരയ്ക്കാറുള്ള മിഴിവുള്ള ചിത്രങ്ങള്‍ഓര്‍മ്മവന്നു. ഇതാരുടെ വരയാണ്. ആര്‍ട്ടിസ്റ്റ് മോഹന്‍? സുരേഷ്കുമാര്‍? കുര്യന്‍?
ഞാന്‍അടുത്തേയ്ക്ക് ചെന്നു. ജയന്തിയുടെ അരികിലിരുന്നു. അവളിട്ടിരുന്ന നീലയില്‍വെള്ളപ്പൂക്കളുള്ള നൈറ്റിയുടെ മുന്‍വശത്തെ കുടുക്കുകള്‍രണ്ടെണ്ണം പൊട്ടിപോയിട്ടുണ്ട്. അതിനിടയിലൂടെ അടിയുടുപ്പിന്‍റെ വെണ്മ കാണാം. ഞാന്‍ബാക്കിയുള്ള കുടുക്കുക്കള്‍കൂടി വിടര്‍ത്തി. ''യും ''യും ചേരുമ്പോള്‍ഉണ്ടാകുന്ന 'ന്ത'യുടെ ഭംഗി ഓര്‍ത്തുകൊണ്ട് ഞാന്‍അവളോട്‌ചേര്‍ന്ന് കിടന്നു. അവള്‍ക്ക് ബോധം ഉണ്ടായിരുന്നില്ല. എനിയ്ക്കും.
പിറ്റേന്ന്, എഴുന്നേല്‍ക്കുമ്പോള്‍വീട്ടില്‍ആരും ഉള്ളതായി തോന്നിയില്ല. ഇറവെള്ളം വീഴുംപോലെ മേശപ്പുറത്തെ ടൈംപീസില്‍നിന്നും നിമിഷങ്ങള്‍തുള്ളികളായി ഇറ്റുവീഴുന്ന ശബ്ദം കേള്‍ക്കാമായിരുന്നു. മുഖം കഴുകി ഒരു ഷര്‍ട്ട് എടുത്തിട്ട് പുറത്തിറങ്ങി. നേരം പരപരാ വെളുക്കുന്നേ ഉള്ളൂ.
ഇടവഴി ഇറങ്ങി റോഡിലേയ്ക്ക് കടന്നപ്പോള്‍രണ്ടുപേര്‍കരിയമ്പാടത്തേയ്ക്ക് ഓടുന്ന കണ്ടു. ഞാന്‍വിളിച്ചു ചോദിച്ചു.
"എന്നാ പറ്റി?"
"ഏതോ പെണ്ണ് വണ്ടിയ്ക്ക് തല വച്ചിട്ടുണ്ട്."
നെഞ്ചിലൂടെ ഒരാന്തല്‍കടന്നുപോയി. ഒരു നിമിഷം. ഞാ ന്‍അവരുടെ പുറകെ ഓടി. സ്തംഭിച്ചുനില്‍ക്കുന്ന കുറ്റിക്കാടുകളുടെ മറപറ്റി ഒന്നേ നോക്കിയുള്ളൂ. നീലയില്‍വിടര്‍ന്ന വെള്ളപ്പൂക്കളില്‍നിറയെ ചോര. തല അറ്റുപോയിരിക്കുന്നു.
കാലുകളില്‍നിന്നും ഒരു വിറ തലച്ചോറിലേയ്ക്ക് പടരുകയാണ്. തിരിച്ചോടുമ്പോള്‍ഞാന്‍ഓര്‍ത്തു. ചോരയില്‍മുങ്ങിയ ഈ പാളങ്ങ ള്‍, ഈ ജീവിതം ആരു വരച്ചാല്‍നന്നാകും? കബിത? പ്രഭാകരന്‍? സുനില്‍?
വെള്ളമിറങ്ങി തുടങ്ങിയിരുന്നു. കനകാംബരന്‍റെ വീട്ടില്‍നിന്നും ബാഗും തുണിയുമെടുത്ത് ഞാന്‍നേരം വെളുക്കും മുന്‍പേ പുറത്തുകടന്നു. മുറി പൂട്ടി ഇറങ്ങുമ്പോള്‍ആമകള്‍രണ്ടും മുറ്റത്തിന്‍റെ ഇറമ്പില്‍പതുങ്ങിക്കിടക്കുന്നു. രണ്ടിനേയും ഒരു പ്ലാസ്റ്റിക് കൂട്ടില്‍എടുത്തിട്ടു പുഴയില്‍തന്നെ കളയാം എന്ന് കരുതി. കൂടിനായി വരാന്തയില്‍കിടന്ന ചാരുകസേരയുടെ അടിയിലേയ്ക്ക് കൈ നീട്ടിയപ്പോള്‍കൈത്തണ്ടയില്‍തീച്ചിരവകൊണ്ടെന്ന പോലെ പൊള്ളി. നടുക്കത്തോടെ കൈപിന്‍വലിച്ചപ്പോള്‍കണ്ടു. കത്തുന്ന കണ്ണുകളും തിളങ്ങുന്ന കോമ്പല്ലുകളുമായി അപ്പച്ചന്‍. അടുത്ത നിമിഷം അവന്‍അരമതില്‍ചാടി അപ്രത്യക്ഷനായി.
റിവര്‍വ്യൂ ലോഡ്ജില്‍ചെന്നു മുറി തുറന്നു നോക്കിയപ്പോള്‍ആകെ അളിപിളിയായി കിടക്കുകയാണ്. ചൂലെടുത്ത് കുറെയൊക്കെ അടിച്ചുവാരി കളഞ്ഞു. ആമകളെ രണ്ടിനേം പുഴയിലേയ്ക്ക് തന്നെ ഒഴുക്കിവിട്ടു. പുഴയുടെ കലങ്ങിയ മൌനത്തിലേയ്ക്ക് അവ ഇറങ്ങിപോകുന്നത് നോക്കി അല്‍പ്പനേരം നിന്നു. പുഴയിലൊന്നു മുങ്ങി കുളിച്ചപ്പോ ള്‍അപ്പച്ചന്‍റെ നഖപ്പാടേറ്റ മുറിവുകള്‍നീറി. കള്ളപ്പൂച്ച.  
ഓഫീസില്‍ചെന്നപ്പോള്‍പത്രാധിപ.ര്‍വന്നിട്ടുണ്ട്.
അദ്ദേഹത്തോട് ഞാന്‍കനകാംബരനെക്കുറിച്ച് പറഞ്ഞു.
ജയന്തിയേയും ജമന്തിയേയും കുറിച്ച് പറഞ്ഞു.
"സ്റ്റേഷനില്‍സാറൊന്നു വിളിച്ചുപറഞ്ഞാല്‍..."
"എന്തിന്?"
പത്രാധിപര്‍ മുഖം ചുളിച്ചു. "നിയമം അതിന്‍റെ വഴിയ്ക്ക് പൊക്കോളും. നമ്മള്‍ഇടപെടണ്ട. താന്‍പറഞ്ഞത് ഒരുഗ്രന്‍ത്രെഡാ. ഇത് ഒരു നോവലായി ആലോചിയ്ക്ക്. അടുത്ത ലക്കത്തില്‍പരസ്യം കൊടുക്കാം. എന്താ?"
മറുപടി പറയാതെ ഞാന്‍എഴുന്നേറ്റു.
തിരികെ സീറ്റില്‍വന്നിരുന്നപ്പോള്‍അവിടമാകെ അര്‍ത്ഥശൂന്യമായ വാക്കുകള്‍കുന്നുകൂടി കിടക്കുകയാണ് എന്ന് തോന്നി. നോവലില്‍നിന്നും കഥാപാത്രങ്ങളെല്ലാം ഇറങ്ങിപ്പോയതോടെ അര്‍ത്ഥം നഷ്ടപ്പെട്ട വാക്കുകളുടെ കൂന. കുത്തിക്കെട്ടഴിഞ്ഞ അക്ഷരങ്ങളുടെ ഈ കൂമ്പാരത്തിനുള്ളിലെവിടെയോ ജമന്തി ഒളിച്ചിരിപ്പുണ്ടെന്ന് എനിയ്ക്ക് ഉറപ്പായി.
-ഒരു നടുക്കം, ഉരുള്‍പൊട്ടിയ മലവെള്ളം പോലെ തലയ്ക്കുള്ളിലേയ്ക്ക് ഇരച്ചെത്തുന്നത് ഞാനറിഞ്ഞു.
******************************************************************************************************************
*ഖസാക്കിന്‍റെ ഇതിഹാസത്തെ അനുസ്മരിക്കും വിധം ചില വരികള്‍കഥയില്‍ഉപയോഗിച്ചിട്ടുണ്ട്.