Monday, November 13, 2017

വിവര്‍ത്തകന്‍

പുതിയ വീട് മല്ലികയ്ക്ക് ഒട്ടും ഇഷ്ടമായില്ല.
"ഇവിടെ എന്താണുള്ളത്? ഇവിടെയിരുന്ന് നിങ്ങള്‍ എന്താണ് എഴുതാന്‍ പോകുന്നത്?"
ഞാന്‍ മിണ്ടാതെ നിന്നു. അവള്‍ പറയുന്നതിലും കാര്യമുണ്ട്. മതിലിനപ്പുറം നിത്യവും കലമ്പല്‍ കൂട്ടുന്ന അയല്‍ക്കാര്‍, കാലങ്ങളായി അടഞ്ഞുകിടക്കുന്ന വര്‍ക്ക്ഷോപ്പ്‌, അടുത്ത വേനലില്‍ ഞാന്‍ വീഴുമേ എന്ന ഭീഷണിയുമായി നില്‍കുന്ന ഒരു കപ്ലം, ഇലകളൊക്കെയും പുഴുക്കള്‍ തിന്നു നേര്‍ത്തുപോയ വേപ്പിന്‍തൈ, അഗാധമായ ഇരുട്ടില്‍, ചില തവളച്ചാട്ടങ്ങള്‍ക്ക് കാതോര്‍ത്തിരിക്കുന്ന കിണര്‍, അടുക്കളപ്പുറത്തെ കുറ്റില വിടര്‍ന്ന വാഴകള്‍....ശരിയാണ്. ഇവിടിരുന്ന് ഞാന്‍ എന്താണ് എഴുതാന്‍ പോകുന്നത്?
"ഇവിടം പണ്ട് കരിമ്പിന്‍പാടമായിരുന്നു എന്ന് കേള്‍ക്കുന്നു."
അവളെ ആശ്വസിപ്പിക്കാനായി ഞാന്‍ പറഞ്ഞു.
മല്ലിക അത് കേട്ടതായി തോന്നിയില്ല. കരിമ്പിന്‍നീര് പോലെ മധുരിച്ചെരിയുന്ന ഒരു വാക്കും അവള്‍ പറഞ്ഞില്ല. 
അക്കാലത്ത് ചില പുസ്തകങ്ങളുടെ വിവര്‍ത്തനജോലിയിലായിരുന്നു ഞാന്‍. പ്രസാധകര്‍ ആവശ്യപ്പെട്ടവ മാത്രം. അതില്‍ ഏറെയും സരളവായനക്കാര്‍ക്ക് വേണ്ടി ചമച്ചവയായിരുന്നു. ഭാഷാന്തരം ചെയ്യപ്പെട്ട വാക്കെണ്ണി പണം തരുമ്പോള്‍ പ്രസാധകന്‍ പറയും.
"അടുത്ത തവണ ആകട്ടെ. കുറച്ചുകൂടി നല്ല പുസ്തകങ്ങള്‍ ചെയ്യണം.."
ഞാനപ്പോള്‍ ഒരിക്കലും സാധ്യമാകാത്ത ആ സ്വപ്നങ്ങളെ ഓര്‍ത്ത് ചിരിക്കുക മാത്രം ചെയ്യും.
എനിയ്ക്ക്, എന്‍റെ നിലയില്‍ നല്ല പുസ്തകങ്ങളുടെ വിവര്‍ത്തനം ആകാമായിരുന്നു. അറിയാത്ത ഒരു ജീവിതം, ഒരു കാലം, ഭാഷയിലേയ്ക്ക് പകരുന്ന ഒരിഷ്ടം. ഒരു താല്പര്യം. ഒരു സ്വപ്നം.
ഒരിക്കല്‍, ആ വിളറിയ പ്രതീക്ഷയെക്കുറിച്ച് പറഞ്ഞപ്പോള്‍ മല്ലിക ചിരിച്ചു.
"ആര് വായിക്കാനാണ്? പ്രസാധകരില്ലെങ്കില്‍ ആര് വായിക്കും നിങ്ങളുടെ ഇഷ്ടങ്ങള്‍? അവര്‍ പറയുന്നത് ചെയ്ത് കൊടുക്കൂ. നമുക്കത് മതി"
എനിക്കത് പോരായിരുന്നു. രാവിലെ അവള്‍ സ്കൂട്ടറോടിച്ച് ഓഫീസിലേയ്ക്കും വീട് അതിന്‍റെ നിശ്ചലമൌഡ്യത്തിലേയ്ക്കും വീണുകിടന്ന ഒരുനാള്‍ ഞാന്‍ ഭാഷാന്തരം ചെയ്യാനുള്ള പുതിയ പുസ്തകം ആരും പറയാതെ തന്നെ തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചു.
"നന്നായി...വളരെ നന്നായി.."
എന്‍റെ പുതിയ തീരുമാനം അറിഞ്ഞപ്പോള്‍ കപ്ലങ്ങമരം പറഞ്ഞു. അന്നേയ്ക്ക് വെള്ളം കോരിയും തടമെടുത്തും അതിന്‍റെ നെറുകയില്‍ തളിരിലകള്‍ വിരിയാന്‍ തുടങ്ങിയിരുന്നു. എന്നെ സ്നേഹത്തോടെ നോക്കി കപ്ലം തലയാട്ടി.
"എഴുതൂ..നിങ്ങള്‍ ഒരു നല്ല മനുഷ്യനാണ്. നിങ്ങള്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളതാണ്, ഇഷ്ടമുള്ളപ്പോഴാണ് എഴുതേണ്ടത്..."
"അയാള്‍ പറഞ്ഞത് ശരിയാണ് കേട്ടോ... നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് മാത്രം എഴുതിയാല്‍ മതി. മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ നിങ്ങള്‍ എന്തിനെഴുതണ൦..."
വേപ്പിന്‍തൈ പറഞ്ഞു. ഇടയ്ക്ക് ഞാന്‍ തളിച്ച പുകയിലനീരില്‍ പുഴുക്കള്‍ അപ്രത്യക്ഷമായതോടെ വേപ്പിന്‍തൈയില്‍ വീണ്ടും ഇലകളുടെ പച്ചകള്‍ വന്നിട്ടുണ്ടായിരുന്നു.
അവര്‍ പറയുന്ന കേട്ടപ്പോള്‍ എനിക്കൊരു ഉന്മേഷം തോന്നി. ഞാനെഴുന്നേറ്റ് എഴുത്തുമുറിയില്‍ വന്നിരുന്നു. ഒന്നും ചെയ്യാന്‍ തോന്നിയില്ല. ഓരോന്നോര്‍ത്തുകൊണ്ട് അങ്ങനെ ഇരുന്നു. അപ്പോള്‍ തവളകളോട് കിണര്‍ പറയുന്ന കേട്ടു.
"ഇയാള്‍ വന്നത് നന്നായി. എത്ര പാവമാണ്. നമുക്കൊക്കെ പുതിയൊരു ജീവിതവുമായി...അല്ലേ?"
"ഉവ്വ്" വാഴകള്‍ പറഞ്ഞു.
"അയാള്‍ എഴുത്തുകാരനാണ്.."
"അല്ല. അയാള്‍ വിവര്‍ത്തകന്‍ മാത്രമാണ്"
"അപ്പോള്‍ വിവര്‍ത്തകര്‍ എഴുത്തുകാരല്ലേ..?"
വാഴക്കയ്യില്‍ വന്നിരുന്ന ഒരു ചവറ്റിലക്കിളി ചോദിച്ചു.
" ആര്‍ക്കറിയാം"
അന്ന് വൈകിട്ട് പതിവുപോലെ കളിമണ്‍പത്രങ്ങള്‍ വില്‍ക്കുന്നവരുടെ തെരുവിലൂടെ നടക്കാന്‍ പോകുമ്പോള്‍ മല്ലികയോട് ഞാന്‍ പറഞ്ഞു.
"നമുക്ക് കുറച്ചു ചെടിച്ചട്ടികള്‍ വാങ്ങാം..."
"എന്തിന്? എത്രകാലം നമ്മളാ വീട്ടില്‍ ഉണ്ടാകു൦."
അവള്‍ തടസം പറഞ്ഞു.
"ശരിയാണ്. ഒരു വിവര്‍ത്തകന്‍ ഒരു പുസ്തകത്തില്‍ നിന്നും അടുത്ത പുസ്തകത്തിലേയ്ക്ക് പോകും പോലെ... ഒരു വീട്ടില്‍ നിന്നും അടുത്ത വീട്ടിലേയ്ക്ക്. സ്വന്തമല്ലാത്ത ഒന്നിലേയ്ക്ക്...എപ്പോഴാകും എനിയ്ക്ക് എന്‍റെ പുസ്തകം എഴുതാനാവുക? "
അത്രയും പറഞ്ഞപ്പോഴേയ്ക്കും എനിയ്ക്ക് കണ്ണുകള്‍ നിറഞ്ഞുവന്നു.
എന്‍റെ ഭാവം പകര്‍ന്നത് കണ്ട് അവള്‍ എന്‍റെ ചുമലുകളില്‍ തൊട്ടു.
"വരൂ..ഇഷ്ടമുള്ളത്രയും വാങ്ങൂ..."
ചുട്ട മണ്ണിന്‍റെ നിറമുള്ള ചെടിച്ചട്ടികള്‍ കയ്യിലെടുത്ത് ആവേശത്തോടെ ഞാന്‍ പറഞ്ഞു.
"ഇതില്‍ ഞാന്‍ ചെണ്ടുമല്ലിക നട്ടു വളര്‍ത്തും"
അവള്‍ ചിരിച്ചു.
രാത്രി.
ജനലിലൂടെ നക്ഷത്രങ്ങള്‍ കണ്ടുകിടക്കുമ്പോള്‍ മല്ലിക ചോദിച്ചു.
"വാക്കുകള്‍ നക്ഷത്രങ്ങളാണോ...നക്ഷത്രങ്ങളും ചെടികളും തമ്മിലെന്ത്?"
ഞാന്‍ മിണ്ടാതെ കയ്യുണ്യം മണക്കുന്ന അവളുടെ കഴുത്തിലേയ്ക്ക്, മുടിക്കുള്ളിലേയ്ക്ക് മുഖം പൂഴ്ത്തി.
"എനിക്കറിയില്ല. ഭാഷയിലെ ചില അര്‍ത്ഥശൂന്യമായ കസര്‍ത്തുകളല്ലാതെ എനിക്കെന്തറിയാം.."
"ഉം൦൦൦...അത്ര പാവമൊന്നുമല്ല. വേറെ ചിലതൊക്കെ അറിയാമെന്ന് എനിക്ക് നന്നായി അറിയാം..."
ഉടുപ്പിന്‍റെ കൊളുത്തുകള്‍ വിടര്‍ത്തി, അവള്‍ എനിയ്ക്ക് മേലേയ്ക്ക് അമര്‍ന്നപ്പോള്‍ ഞാന്‍ കൈനീട്ടി ജനലുകള്‍ അടച്ചു. കപ്ലത്തിനു പറഞ്ഞുചിരിക്കാന്‍ ഇനിയത് മതി.
പിറ്റേന്ന്, ചട്ടികളില്‍ ഓരോരോ ചെടികള്‍ നടുന്ന തിരക്കിലായിരുന്നു ഞാന്‍.  അപ്പോള്‍ മതിലിന്‍റെ ഓരത്ത് ആയിടെ കിളിര്‍ത്തുവന്ന തുളസിചെടി ചോദിച്ചു.
"ഇത് എന്ത് തരം ചെടികളാണ്"
ഞാന്‍ പറഞ്ഞു: " ഔഷധഗുണമുള്ളവയാണ്"
എന്‍റെ കൈത്തണ്ടയില്‍ പറന്നുവന്നിരുന്ന് ഒരു പച്ചത്തുള്ളന്‍ പറഞ്ഞു:
"ആദ്യത്തെ ചട്ടിയിലുള്ളത് തെച്ചിയാണ്. തെച്ചിപ്പൂവില്‍ ശ്രീഭഗവതിയാണ്."
"അപ്പോഴിതോ..?"
അതുവഴി വന്നൊരു മണ്ണട്ട തിരക്കി.
ഞാന്‍ പറഞ്ഞു: "അത് കൃഷ്ണമുടി. അതില്‍ വിഷ്ണുവുണ്ട്.."
കപ്ലത്തിലേയ്ക്ക് വലിച്ചുകെട്ടിയ അയയില്‍ വന്നിരുന്ന് ചുവന്ന ചിറകുകള്‍ ഉള്ളൊരു തുമ്പി ചോദിച്ചു.
"മറ്റേത് ചെറൂളയല്ലേ... എങ്കില്‍ യമധര്‍മ്മനുണ്ട്..."
മുറ്റത്തിന്‍റെ ഇറമ്പില്‍ ഞാനറിയാതെ കിളിര്‍ത്തുവന്ന മുക്കുറ്റി അപ്പോള്‍ മാത്രം ചുണ്ടനക്കി.
"ഇവിടെ ഞാനുമുണ്ട്."
അടുത്ത് ചെന്ന് മുക്കുറ്റിയെ കൈക്കുമ്പിളില്‍ തൊട്ടെടുക്കുമ്പോള്‍ എത്ര ആശ്ചര്യം. താഴെ നിരത്തില്‍ നിന്നും ഉടന്‍ ഒരു പെണ്‍സ്വരം പടികയറി വന്നു.
"മുക്കുറ്റിയില്‍ ശ്രീപാര്‍വ്വതിയുണ്ട്..."
തിരിഞ്ഞുനോക്കിയപ്പോള്‍ അവള്‍ പറഞ്ഞു.
"ഞാന്‍ ശ്രീപാര്‍വതി. പുസ്തകവില്‍പ്പനക്കാരിയാണ്"
എനിയ്ക്ക് ചിരി വന്നുപോയി. അവള്‍ വീടുകള്‍ തോറും കൊണ്ടുനടന്നുവില്‍ക്കുന്ന പുസ്തകങ്ങളുടെ പേരുകള്‍ കേട്ടപ്പോള്‍ ഏതോ ഓര്‍മ്മകള്‍ എന്നെയും വന്നുമൂടി. ഞാന്‍ ചോദിച്ചു.
"കഥകളുണ്ടോ..?"
അവളുടെ മുഖം വാടി.
"കഥകളോ. കഥകള്‍ വില്‍ക്കാനുള്ളവയല്ല. അവ കേള്‍ക്കാനുള്ളവയാണ്...കഥകള്‍ ഞാന്‍ വില്‍ക്കുകയില്ല."
ഒട്ടൊരു അമ്പരപ്പോടെ ഞാന്‍ വിവര്‍ത്തനം ചെയ്തുകൊണ്ടിരുന്ന അന്യഭാഷാകഥകളെ കുറിച്ച് ആലോചിച്ചു. എന്‍റെ പ്രസാധകര്‍ അവ കൂടിയ വിലയ്ക്ക് വില്‍ക്കുകയായിരുന്നല്ലോ. ഈ പെണ്‍കുട്ടി ഏത് കാലത്തില്‍ നിന്നാണ് വരുന്നത്. ഇവള്‍ പറയുന്നത് എന്താണ്?
എന്‍റെ മനസ് വായിച്ചപോലെ അവള്‍ പറഞ്ഞു.
"കഥയെഴുത്തുകാരില്ല സര്‍. കഥ പറച്ചിലുകാരെ ഉള്ളൂ.."
"എഴുതിയ വാക്കല്ല. പറഞ്ഞ വാക്കാണ്‌. പറഞ്ഞ വാക്ക്, ശബ്ദം നാം എങ്ങനെ വില്‍ക്കും..."
അവള്‍ പറയുന്നത് കേട്ടുകൊണ്ടിരുന്നപ്പോള്‍, എന്‍റെ തലയ്ക്ക് മുകളിലൂടെ വെളിച്ചം വെള്ളം പോലെ പ്രവഹിച്ചു. ആ ഒഴുക്കില്‍, ഭയം, വിരക്തി, ആമോദം, ആസക്തി, സങ്കടം, ഓര്‍മ്മകള്‍, ഓര്‍മ്മകളുടെ മുഴക്കം. എന്‍റെ കണ്ണുകള്‍ മെല്ലെ നിറഞ്ഞുവന്നു. ഹൃദയം ക്രമം തെറ്റി മിടിച്ചു. ചെവിക്കുള്ളില്‍ കാറ്റിന്‍റെ ഇരമ്പം. ഉള്ളിലാരോ കുതറിയോടി. ആകാംഷയോടെ അവള്‍ ചോദിച്ചു.
"നിങ്ങള്‍ ഒരു എഴുത്തുകാരനാണോ?"
"കണ്ണുകള്‍ അടച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.
"അല്ല. വെറും വിവര്‍ത്തകന്‍ മാത്രം"
അവള്‍ പോയപ്പോള്‍ വേപ്പിന്‍തൈ എന്നെ കുറ്റപ്പെടുത്തി.
"അന്യരോട് എല്ലാം വിളിച്ചുപറയണ്ട കാര്യമൊന്നും ഇല്ല. മോശമായിപ്പോയി."
പടികളുടെ വിളുമ്പിലൂടെ പിച്ചപിച്ച നടന്നുപോയ ഉറുമ്പ് ചൊടിച്ചു.
"എന്ത് പറഞ്ഞെന്നാണ്...ആ പെണ്‍കുട്ടി അത്ര അന്യയാണ് എന്നൊന്നും എനിയ്ക്ക് തോന്നിയില്ല. എന്തോ ഒരടുപ്പം തോന്നുകയും ചെയ്തു. അല്ലേ?
ഉറുമ്പ് എന്‍റെ നേരെ നോക്കി. ഞാന്‍ മറുപടി പറഞ്ഞില്ല. പക്ഷെ, ഓര്‍ത്തു. ശരിയാണ്. അവള്‍ വലിയ അടുപ്പമുള്ളവളെ പോലെ സംസാരിച്ചു. ഒരടുപ്പം തോന്നുകയും ചെയ്തു. കഥ പറയുന്നവരും കേള്‍ക്കുന്നവരും തമ്മില്‍ വിവരിക്കാനാവാത്ത ഒരു അടുപ്പമുണ്ട്. ഇല്ലേ?
വൈകിട്ട് മല്ലിക വന്നപ്പോള്‍ ഞാനിക്കാര്യം പറഞ്ഞു.
അവള്‍ വല്ലാതെ ദേഷ്യപ്പെട്ടു.
"വരുന്നവരോടും പോകുന്നവരോടും സംസാരിക്കാന്‍ നില്‍ക്കണ്ട. അവരൊക്കെ എന്ത് തരക്കാരിയാണ് എന്ന് ആര്‍ക്കറിയാം. കള്ളക്കൂട്ടങ്ങള്‍."
"അല്ല. അവള്‍ക്ക് കഥ പറയാനറിയാം."
മല്ലിക രൂക്ഷമായി എന്നെ നോക്കി.
"കഥ പറച്ചിലുകാരൊക്കെ കള്ളന്‍മാരാണ്. ഇല്ലാത്തത് ഉണ്ടാക്കി പറയുന്ന വഞ്ചകര്‍.."
എനിയ്ക്ക് ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു. മുഖം ഇരുണ്ടു. കയ്യില്‍ കിട്ടിയത് വെള്ളം പകരുന്ന ടംബ്ലറാണ്. എടുത്തെറിഞ്ഞപ്പോള്‍  മല്ലിക ഒഴിഞ്ഞത് നന്നായി. ചില്ലു ടംബ്ലര്‍ നൂറുകഷണമായി ചിതറി തെറിച്ചു.
ഇതെന്തൊരു കഷ്ടമാണ്. ആര്‍ക്കും എന്നെ മനസിലാകുന്നില്ലെന്നോ. കടുത്ത അന്ത:ക്ഷോഭത്തോടെ ഞാന്‍ നിരത്തിലേയ്ക്ക് തുറക്കുന്ന പടികളില്‍ വന്നിരുന്നു. ഇരുട്ടായി. വീട്ടില്‍ വെളിച്ചം തെളിഞ്ഞില്ല. മല്ലിക ഊണ് കഴിക്കാതെ കിടന്നു എന്ന് മനസിലായി. ഒറ്റ മന്ദഹാസ൦  കൊണ്ട് എന്നെ കഥ പറച്ചിലുകാരനാക്കിയ പെണ്‍കുട്ടി. അണപൊട്ടിയ സന്തോഷങ്ങള്‍. നെടുവീര്‍പ്പുകള്‍. ശബ്ദം. നിശബ്ദം. ഞാന്‍ അവളെ ഓര്‍ത്തു.
പിറ്റേന്ന് മല്ലിക പോയപ്പോള്‍ ഞാന്‍ പുറത്തിറങ്ങി.
ചെരിപ്പ് ധരിക്കുമ്പോള്‍ വാതിലുകള്‍ ചോദിച്ചു.
"പൂട്ടുന്നില്ലേ? കള്ളക്കൂട്ടങ്ങള്‍ വന്നാലോ..."
ഞാനൊന്നു ചിരിക്കുക മാത്രം ചെയ്തു.
"ആരും വരില്ല. വന്നാല്‍ കക്കാന്‍ മാത്രം എന്താണ് ഇവിടെയുള്ളത്. എഴുതാതെ ഞാന്‍ മനസ്സില്‍ സൂക്ഷിച്ചിട്ടുള്ള കഥകളോ..?"
ആളുന്ന വെയിലില്‍, തെരുവ് ഓരോരോ വില്‍പ്പനക്കായി തുറന്നു വച്ചിരുന്നു. ഞാന്‍ വിളക്കുകള്‍ വില്‍ക്കുന്നവര്‍ക്കിടയിലൂടെയും കളിമണ്‍ശില്പങ്ങള്‍ക്കിടയിലൂടെയും പുസ്തകക്കടകള്‍ക്ക് മുന്നിലൂടെയും പൂക്കാരികള്‍ക്കിടയിലൂടേയും കടന്നു പോയി. ആളുകള്‍. ബഹളങ്ങള്‍. ആര്‍പ്പുകള്‍. വാഹനങ്ങളുടെ ഇരമ്പലുകള്‍. തര്‍ക്കങ്ങള്‍. ഈ വെയിലില്‍ അസ്തമിക്കുകയാണ് ഞാനെന്നു തോന്നി.
വണ്ടിക്കാളകള്‍ അയവെട്ടി കിടക്കുന്ന വാകമരങ്ങളുടെ നിഴലില്‍ ചെന്നുനില്‍ക്കുമ്പോള്‍ ആ സ്വരം പിന്നില്‍ കേട്ടു.
"വരുന്നോ..നിങ്ങള്‍ പറയുന്ന കഥകളൊക്കെയും ഞാന്‍ കേള്‍ക്കാം. നമുക്ക് വേണ്ടത് അവസാനിക്കാത്ത കഥയരങ്ങല്ലേ."
ഞാന്‍ ഉവ്വെന്നു തലയാട്ടി. തിരികെ ഞാന്‍ വീട്ടിലേയ്ക്ക് പോയില്ല. അവള്‍ക്കൊപ്പം വാകമരങ്ങളുടെ നിഴലിനപ്പുറം നീണ്ടുകിടക്കുന്ന പാളങ്ങളിലൂടെ നടന്നു. കല്ലുകള്‍ വെയിലില്‍ വെട്ടിതിളങ്ങി. അങ്ങനെ നടക്കുമ്പോള്‍ ഞാനുറക്കെ ചൊല്ലി:
"ഹംസാരൂഡാ ഹരഭസിത ഹാരേന്ദു കുന്ദവദാതാ
വാണീ മന്ദസ്മിതയുതമുഖീ മൌലിബദ്ധെന്ദു ലേഖാ
വിദ്യാ വീണാമൃത മയഘടാക്ഷ സ്രഗാദീപ്ത ഹസ്ത
ശുഭ്രാബ്ജസ്ഥാ ഭവദഭിമത പ്രാപ്തയേ ഭാരതീസ്യാല്‍"
(അരയന്നത്തിന്‍റെ പുറത്തിരിക്കുന്നവളും ശിവന്‍റെ ശരീരത്തിലെ ഭസ്മം,മുത്തുമാല, ചന്ദ്രന്‍, മുല്ലപ്പൂവ് എന്നിവയുടെ നിറം പോലെ ശോഭയാര്‍ന്നവളും മന്ദസ്മിതം തൂകുന്ന മുഖത്തോട് കൂടിയവളും ശിരസ്സില്‍ ചന്ദ്രക്കല ചൂടിയവളും പുസ്തം, വീണ, അമൃതകുംഭം, രുദ്രാക്ഷമാല എന്നിവ ധരിച്ചവളും വെള്ളത്താമര പൂവില്‍ ഇരിക്കുന്നവളുമായ സരസ്വതി ആഗ്രഹപ്പൂര്‍ത്തീകരണം നടത്തട്ടെ.)
അവസാനിക്കാത്ത ആ നടപ്പില്‍ പകല്‍ മങ്ങുന്നതും സന്ധ്യ താണിറങ്ങി വരുന്നതും ഞാന്‍ കണ്ടു. ദൂരെ ആകാശത്ത് നക്ഷത്രങ്ങളുടെ പൊടിപ്പുകള്‍. നിലാവിന്‍റെ ഒരു കീറ്, മുന്നില്‍ വഴി തെളിക്കുന്നു. ഭസ്മനിറമുള്ള ഒരു സ്വപ്നം എന്നെ കൈപിടിച്ചു നടത്തുന്നു. അവള്‍ ചോദിക്കുകയാണ്.
"കഥ പറച്ചിലുകാരാ, ഒരു കഥ പറയൂ.."
"എനിയ്ക്ക് ഈ സ്വപ്നം വ്യാഖ്യാനിക്കാന്‍ അറിയില്ല. ഞാന്‍ ഒരു വിവര്‍ത്തകന്‍ മാത്രം. എന്‍റെ ഭാഷ പരിമിതം.."
പിന്നെ ചോദ്യങ്ങള്‍ ഉണ്ടായില്ല. ആരോ നടന്നകലുന്ന പാദപതനം മാത്രം തെളിഞ്ഞു കേട്ടു. മഴ ഇരച്ചെത്തും പോലെ ഒരു മുഴക്കം.
ഞാന്‍ ഉറക്കെ കരഞ്ഞു: "ഞാന്‍ ആരെഴുതിയ കഥയാണ്?"
അപ്പോള്‍, മല്ലികയുടെ വിരലുകള്‍ എന്‍റെ മുഖം ചേര്‍ത്തുപിടിച്ചു.
"കരയാതെ. ഈ കഥയില്‍ നമ്മള്‍ മാത്രമല്ലേയുള്ളൂ..."
അവളുടെ കഴുത്തിലേയ്ക്ക്, മുടിക്കെട്ടിലേയ്ക്ക് മുഖം ചേര്‍ത്തുവച്ചുകൊണ്ട് ഞാന്‍ പറഞ്ഞു:
"കപ്ലവും വേപ്പിന്‍തയ്യും കിണറും തവളകളും വാഴയും കൂടിയുണ്ട്."
"ഉണ്ട്. ചെറുളയും മുക്കുറ്റിയും തെച്ചിയും ശ്രീപാര്‍വതിയും ഉണ്ട്. ഇപ്പോളുറങ്ങൂ.."
കഥപറയാന്‍ പറ്റുന്നൊരു ഭാഷ സ്വപ്നം കാണാന്‍ വേണ്ടി ഞാനുറങ്ങി.

2 comments:

  1. മനോഹരമായി എഴുതി.... ആശംസകള്‍ പ്രിയ മനോജ്‌ ഭായി

    ReplyDelete
  2. ഇതിലും നന്നായി ഇക്കഥ പറയാന്‍
    പറ്റുന്നൊരു ഭാഷ സ്വപ്നം കാണേണ്ട
    ഒരു കാര്യവുമില്ല , ഇനി കേട്ടോ ഭായ്

    ReplyDelete