Monday, November 13, 2017

വിവര്‍ത്തകന്‍

പുതിയ വീട് മല്ലികയ്ക്ക് ഒട്ടും ഇഷ്ടമായില്ല.
"ഇവിടെ എന്താണുള്ളത്? ഇവിടെയിരുന്ന് നിങ്ങള്‍ എന്താണ് എഴുതാന്‍ പോകുന്നത്?"
ഞാന്‍ മിണ്ടാതെ നിന്നു. അവള്‍ പറയുന്നതിലും കാര്യമുണ്ട്. മതിലിനപ്പുറം നിത്യവും കലമ്പല്‍ കൂട്ടുന്ന അയല്‍ക്കാര്‍, കാലങ്ങളായി അടഞ്ഞുകിടക്കുന്ന വര്‍ക്ക്ഷോപ്പ്‌, അടുത്ത വേനലില്‍ ഞാന്‍ വീഴുമേ എന്ന ഭീഷണിയുമായി നില്‍കുന്ന ഒരു കപ്ലം, ഇലകളൊക്കെയും പുഴുക്കള്‍ തിന്നു നേര്‍ത്തുപോയ വേപ്പിന്‍തൈ, അഗാധമായ ഇരുട്ടില്‍, ചില തവളച്ചാട്ടങ്ങള്‍ക്ക് കാതോര്‍ത്തിരിക്കുന്ന കിണര്‍, അടുക്കളപ്പുറത്തെ കുറ്റില വിടര്‍ന്ന വാഴകള്‍....ശരിയാണ്. ഇവിടിരുന്ന് ഞാന്‍ എന്താണ് എഴുതാന്‍ പോകുന്നത്?
"ഇവിടം പണ്ട് കരിമ്പിന്‍പാടമായിരുന്നു എന്ന് കേള്‍ക്കുന്നു."
അവളെ ആശ്വസിപ്പിക്കാനായി ഞാന്‍ പറഞ്ഞു.
മല്ലിക അത് കേട്ടതായി തോന്നിയില്ല. കരിമ്പിന്‍നീര് പോലെ മധുരിച്ചെരിയുന്ന ഒരു വാക്കും അവള്‍ പറഞ്ഞില്ല. 
അക്കാലത്ത് ചില പുസ്തകങ്ങളുടെ വിവര്‍ത്തനജോലിയിലായിരുന്നു ഞാന്‍. പ്രസാധകര്‍ ആവശ്യപ്പെട്ടവ മാത്രം. അതില്‍ ഏറെയും സരളവായനക്കാര്‍ക്ക് വേണ്ടി ചമച്ചവയായിരുന്നു. ഭാഷാന്തരം ചെയ്യപ്പെട്ട വാക്കെണ്ണി പണം തരുമ്പോള്‍ പ്രസാധകന്‍ പറയും.
"അടുത്ത തവണ ആകട്ടെ. കുറച്ചുകൂടി നല്ല പുസ്തകങ്ങള്‍ ചെയ്യണം.."
ഞാനപ്പോള്‍ ഒരിക്കലും സാധ്യമാകാത്ത ആ സ്വപ്നങ്ങളെ ഓര്‍ത്ത് ചിരിക്കുക മാത്രം ചെയ്യും.
എനിയ്ക്ക്, എന്‍റെ നിലയില്‍ നല്ല പുസ്തകങ്ങളുടെ വിവര്‍ത്തനം ആകാമായിരുന്നു. അറിയാത്ത ഒരു ജീവിതം, ഒരു കാലം, ഭാഷയിലേയ്ക്ക് പകരുന്ന ഒരിഷ്ടം. ഒരു താല്പര്യം. ഒരു സ്വപ്നം.
ഒരിക്കല്‍, ആ വിളറിയ പ്രതീക്ഷയെക്കുറിച്ച് പറഞ്ഞപ്പോള്‍ മല്ലിക ചിരിച്ചു.
"ആര് വായിക്കാനാണ്? പ്രസാധകരില്ലെങ്കില്‍ ആര് വായിക്കും നിങ്ങളുടെ ഇഷ്ടങ്ങള്‍? അവര്‍ പറയുന്നത് ചെയ്ത് കൊടുക്കൂ. നമുക്കത് മതി"
എനിക്കത് പോരായിരുന്നു. രാവിലെ അവള്‍ സ്കൂട്ടറോടിച്ച് ഓഫീസിലേയ്ക്കും വീട് അതിന്‍റെ നിശ്ചലമൌഡ്യത്തിലേയ്ക്കും വീണുകിടന്ന ഒരുനാള്‍ ഞാന്‍ ഭാഷാന്തരം ചെയ്യാനുള്ള പുതിയ പുസ്തകം ആരും പറയാതെ തന്നെ തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചു.
"നന്നായി...വളരെ നന്നായി.."
എന്‍റെ പുതിയ തീരുമാനം അറിഞ്ഞപ്പോള്‍ കപ്ലങ്ങമരം പറഞ്ഞു. അന്നേയ്ക്ക് വെള്ളം കോരിയും തടമെടുത്തും അതിന്‍റെ നെറുകയില്‍ തളിരിലകള്‍ വിരിയാന്‍ തുടങ്ങിയിരുന്നു. എന്നെ സ്നേഹത്തോടെ നോക്കി കപ്ലം തലയാട്ടി.
"എഴുതൂ..നിങ്ങള്‍ ഒരു നല്ല മനുഷ്യനാണ്. നിങ്ങള്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളതാണ്, ഇഷ്ടമുള്ളപ്പോഴാണ് എഴുതേണ്ടത്..."
"അയാള്‍ പറഞ്ഞത് ശരിയാണ് കേട്ടോ... നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് മാത്രം എഴുതിയാല്‍ മതി. മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ നിങ്ങള്‍ എന്തിനെഴുതണ൦..."
വേപ്പിന്‍തൈ പറഞ്ഞു. ഇടയ്ക്ക് ഞാന്‍ തളിച്ച പുകയിലനീരില്‍ പുഴുക്കള്‍ അപ്രത്യക്ഷമായതോടെ വേപ്പിന്‍തൈയില്‍ വീണ്ടും ഇലകളുടെ പച്ചകള്‍ വന്നിട്ടുണ്ടായിരുന്നു.
അവര്‍ പറയുന്ന കേട്ടപ്പോള്‍ എനിക്കൊരു ഉന്മേഷം തോന്നി. ഞാനെഴുന്നേറ്റ് എഴുത്തുമുറിയില്‍ വന്നിരുന്നു. ഒന്നും ചെയ്യാന്‍ തോന്നിയില്ല. ഓരോന്നോര്‍ത്തുകൊണ്ട് അങ്ങനെ ഇരുന്നു. അപ്പോള്‍ തവളകളോട് കിണര്‍ പറയുന്ന കേട്ടു.
"ഇയാള്‍ വന്നത് നന്നായി. എത്ര പാവമാണ്. നമുക്കൊക്കെ പുതിയൊരു ജീവിതവുമായി...അല്ലേ?"
"ഉവ്വ്" വാഴകള്‍ പറഞ്ഞു.
"അയാള്‍ എഴുത്തുകാരനാണ്.."
"അല്ല. അയാള്‍ വിവര്‍ത്തകന്‍ മാത്രമാണ്"
"അപ്പോള്‍ വിവര്‍ത്തകര്‍ എഴുത്തുകാരല്ലേ..?"
വാഴക്കയ്യില്‍ വന്നിരുന്ന ഒരു ചവറ്റിലക്കിളി ചോദിച്ചു.
" ആര്‍ക്കറിയാം"
അന്ന് വൈകിട്ട് പതിവുപോലെ കളിമണ്‍പത്രങ്ങള്‍ വില്‍ക്കുന്നവരുടെ തെരുവിലൂടെ നടക്കാന്‍ പോകുമ്പോള്‍ മല്ലികയോട് ഞാന്‍ പറഞ്ഞു.
"നമുക്ക് കുറച്ചു ചെടിച്ചട്ടികള്‍ വാങ്ങാം..."
"എന്തിന്? എത്രകാലം നമ്മളാ വീട്ടില്‍ ഉണ്ടാകു൦."
അവള്‍ തടസം പറഞ്ഞു.
"ശരിയാണ്. ഒരു വിവര്‍ത്തകന്‍ ഒരു പുസ്തകത്തില്‍ നിന്നും അടുത്ത പുസ്തകത്തിലേയ്ക്ക് പോകും പോലെ... ഒരു വീട്ടില്‍ നിന്നും അടുത്ത വീട്ടിലേയ്ക്ക്. സ്വന്തമല്ലാത്ത ഒന്നിലേയ്ക്ക്...എപ്പോഴാകും എനിയ്ക്ക് എന്‍റെ പുസ്തകം എഴുതാനാവുക? "
അത്രയും പറഞ്ഞപ്പോഴേയ്ക്കും എനിയ്ക്ക് കണ്ണുകള്‍ നിറഞ്ഞുവന്നു.
എന്‍റെ ഭാവം പകര്‍ന്നത് കണ്ട് അവള്‍ എന്‍റെ ചുമലുകളില്‍ തൊട്ടു.
"വരൂ..ഇഷ്ടമുള്ളത്രയും വാങ്ങൂ..."
ചുട്ട മണ്ണിന്‍റെ നിറമുള്ള ചെടിച്ചട്ടികള്‍ കയ്യിലെടുത്ത് ആവേശത്തോടെ ഞാന്‍ പറഞ്ഞു.
"ഇതില്‍ ഞാന്‍ ചെണ്ടുമല്ലിക നട്ടു വളര്‍ത്തും"
അവള്‍ ചിരിച്ചു.
രാത്രി.
ജനലിലൂടെ നക്ഷത്രങ്ങള്‍ കണ്ടുകിടക്കുമ്പോള്‍ മല്ലിക ചോദിച്ചു.
"വാക്കുകള്‍ നക്ഷത്രങ്ങളാണോ...നക്ഷത്രങ്ങളും ചെടികളും തമ്മിലെന്ത്?"
ഞാന്‍ മിണ്ടാതെ കയ്യുണ്യം മണക്കുന്ന അവളുടെ കഴുത്തിലേയ്ക്ക്, മുടിക്കുള്ളിലേയ്ക്ക് മുഖം പൂഴ്ത്തി.
"എനിക്കറിയില്ല. ഭാഷയിലെ ചില അര്‍ത്ഥശൂന്യമായ കസര്‍ത്തുകളല്ലാതെ എനിക്കെന്തറിയാം.."
"ഉം൦൦൦...അത്ര പാവമൊന്നുമല്ല. വേറെ ചിലതൊക്കെ അറിയാമെന്ന് എനിക്ക് നന്നായി അറിയാം..."
ഉടുപ്പിന്‍റെ കൊളുത്തുകള്‍ വിടര്‍ത്തി, അവള്‍ എനിയ്ക്ക് മേലേയ്ക്ക് അമര്‍ന്നപ്പോള്‍ ഞാന്‍ കൈനീട്ടി ജനലുകള്‍ അടച്ചു. കപ്ലത്തിനു പറഞ്ഞുചിരിക്കാന്‍ ഇനിയത് മതി.
പിറ്റേന്ന്, ചട്ടികളില്‍ ഓരോരോ ചെടികള്‍ നടുന്ന തിരക്കിലായിരുന്നു ഞാന്‍.  അപ്പോള്‍ മതിലിന്‍റെ ഓരത്ത് ആയിടെ കിളിര്‍ത്തുവന്ന തുളസിചെടി ചോദിച്ചു.
"ഇത് എന്ത് തരം ചെടികളാണ്"
ഞാന്‍ പറഞ്ഞു: " ഔഷധഗുണമുള്ളവയാണ്"
എന്‍റെ കൈത്തണ്ടയില്‍ പറന്നുവന്നിരുന്ന് ഒരു പച്ചത്തുള്ളന്‍ പറഞ്ഞു:
"ആദ്യത്തെ ചട്ടിയിലുള്ളത് തെച്ചിയാണ്. തെച്ചിപ്പൂവില്‍ ശ്രീഭഗവതിയാണ്."
"അപ്പോഴിതോ..?"
അതുവഴി വന്നൊരു മണ്ണട്ട തിരക്കി.
ഞാന്‍ പറഞ്ഞു: "അത് കൃഷ്ണമുടി. അതില്‍ വിഷ്ണുവുണ്ട്.."
കപ്ലത്തിലേയ്ക്ക് വലിച്ചുകെട്ടിയ അയയില്‍ വന്നിരുന്ന് ചുവന്ന ചിറകുകള്‍ ഉള്ളൊരു തുമ്പി ചോദിച്ചു.
"മറ്റേത് ചെറൂളയല്ലേ... എങ്കില്‍ യമധര്‍മ്മനുണ്ട്..."
മുറ്റത്തിന്‍റെ ഇറമ്പില്‍ ഞാനറിയാതെ കിളിര്‍ത്തുവന്ന മുക്കുറ്റി അപ്പോള്‍ മാത്രം ചുണ്ടനക്കി.
"ഇവിടെ ഞാനുമുണ്ട്."
അടുത്ത് ചെന്ന് മുക്കുറ്റിയെ കൈക്കുമ്പിളില്‍ തൊട്ടെടുക്കുമ്പോള്‍ എത്ര ആശ്ചര്യം. താഴെ നിരത്തില്‍ നിന്നും ഉടന്‍ ഒരു പെണ്‍സ്വരം പടികയറി വന്നു.
"മുക്കുറ്റിയില്‍ ശ്രീപാര്‍വ്വതിയുണ്ട്..."
തിരിഞ്ഞുനോക്കിയപ്പോള്‍ അവള്‍ പറഞ്ഞു.
"ഞാന്‍ ശ്രീപാര്‍വതി. പുസ്തകവില്‍പ്പനക്കാരിയാണ്"
എനിയ്ക്ക് ചിരി വന്നുപോയി. അവള്‍ വീടുകള്‍ തോറും കൊണ്ടുനടന്നുവില്‍ക്കുന്ന പുസ്തകങ്ങളുടെ പേരുകള്‍ കേട്ടപ്പോള്‍ ഏതോ ഓര്‍മ്മകള്‍ എന്നെയും വന്നുമൂടി. ഞാന്‍ ചോദിച്ചു.
"കഥകളുണ്ടോ..?"
അവളുടെ മുഖം വാടി.
"കഥകളോ. കഥകള്‍ വില്‍ക്കാനുള്ളവയല്ല. അവ കേള്‍ക്കാനുള്ളവയാണ്...കഥകള്‍ ഞാന്‍ വില്‍ക്കുകയില്ല."
ഒട്ടൊരു അമ്പരപ്പോടെ ഞാന്‍ വിവര്‍ത്തനം ചെയ്തുകൊണ്ടിരുന്ന അന്യഭാഷാകഥകളെ കുറിച്ച് ആലോചിച്ചു. എന്‍റെ പ്രസാധകര്‍ അവ കൂടിയ വിലയ്ക്ക് വില്‍ക്കുകയായിരുന്നല്ലോ. ഈ പെണ്‍കുട്ടി ഏത് കാലത്തില്‍ നിന്നാണ് വരുന്നത്. ഇവള്‍ പറയുന്നത് എന്താണ്?
എന്‍റെ മനസ് വായിച്ചപോലെ അവള്‍ പറഞ്ഞു.
"കഥയെഴുത്തുകാരില്ല സര്‍. കഥ പറച്ചിലുകാരെ ഉള്ളൂ.."
"എഴുതിയ വാക്കല്ല. പറഞ്ഞ വാക്കാണ്‌. പറഞ്ഞ വാക്ക്, ശബ്ദം നാം എങ്ങനെ വില്‍ക്കും..."
അവള്‍ പറയുന്നത് കേട്ടുകൊണ്ടിരുന്നപ്പോള്‍, എന്‍റെ തലയ്ക്ക് മുകളിലൂടെ വെളിച്ചം വെള്ളം പോലെ പ്രവഹിച്ചു. ആ ഒഴുക്കില്‍, ഭയം, വിരക്തി, ആമോദം, ആസക്തി, സങ്കടം, ഓര്‍മ്മകള്‍, ഓര്‍മ്മകളുടെ മുഴക്കം. എന്‍റെ കണ്ണുകള്‍ മെല്ലെ നിറഞ്ഞുവന്നു. ഹൃദയം ക്രമം തെറ്റി മിടിച്ചു. ചെവിക്കുള്ളില്‍ കാറ്റിന്‍റെ ഇരമ്പം. ഉള്ളിലാരോ കുതറിയോടി. ആകാംഷയോടെ അവള്‍ ചോദിച്ചു.
"നിങ്ങള്‍ ഒരു എഴുത്തുകാരനാണോ?"
"കണ്ണുകള്‍ അടച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.
"അല്ല. വെറും വിവര്‍ത്തകന്‍ മാത്രം"
അവള്‍ പോയപ്പോള്‍ വേപ്പിന്‍തൈ എന്നെ കുറ്റപ്പെടുത്തി.
"അന്യരോട് എല്ലാം വിളിച്ചുപറയണ്ട കാര്യമൊന്നും ഇല്ല. മോശമായിപ്പോയി."
പടികളുടെ വിളുമ്പിലൂടെ പിച്ചപിച്ച നടന്നുപോയ ഉറുമ്പ് ചൊടിച്ചു.
"എന്ത് പറഞ്ഞെന്നാണ്...ആ പെണ്‍കുട്ടി അത്ര അന്യയാണ് എന്നൊന്നും എനിയ്ക്ക് തോന്നിയില്ല. എന്തോ ഒരടുപ്പം തോന്നുകയും ചെയ്തു. അല്ലേ?
ഉറുമ്പ് എന്‍റെ നേരെ നോക്കി. ഞാന്‍ മറുപടി പറഞ്ഞില്ല. പക്ഷെ, ഓര്‍ത്തു. ശരിയാണ്. അവള്‍ വലിയ അടുപ്പമുള്ളവളെ പോലെ സംസാരിച്ചു. ഒരടുപ്പം തോന്നുകയും ചെയ്തു. കഥ പറയുന്നവരും കേള്‍ക്കുന്നവരും തമ്മില്‍ വിവരിക്കാനാവാത്ത ഒരു അടുപ്പമുണ്ട്. ഇല്ലേ?
വൈകിട്ട് മല്ലിക വന്നപ്പോള്‍ ഞാനിക്കാര്യം പറഞ്ഞു.
അവള്‍ വല്ലാതെ ദേഷ്യപ്പെട്ടു.
"വരുന്നവരോടും പോകുന്നവരോടും സംസാരിക്കാന്‍ നില്‍ക്കണ്ട. അവരൊക്കെ എന്ത് തരക്കാരിയാണ് എന്ന് ആര്‍ക്കറിയാം. കള്ളക്കൂട്ടങ്ങള്‍."
"അല്ല. അവള്‍ക്ക് കഥ പറയാനറിയാം."
മല്ലിക രൂക്ഷമായി എന്നെ നോക്കി.
"കഥ പറച്ചിലുകാരൊക്കെ കള്ളന്‍മാരാണ്. ഇല്ലാത്തത് ഉണ്ടാക്കി പറയുന്ന വഞ്ചകര്‍.."
എനിയ്ക്ക് ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു. മുഖം ഇരുണ്ടു. കയ്യില്‍ കിട്ടിയത് വെള്ളം പകരുന്ന ടംബ്ലറാണ്. എടുത്തെറിഞ്ഞപ്പോള്‍  മല്ലിക ഒഴിഞ്ഞത് നന്നായി. ചില്ലു ടംബ്ലര്‍ നൂറുകഷണമായി ചിതറി തെറിച്ചു.
ഇതെന്തൊരു കഷ്ടമാണ്. ആര്‍ക്കും എന്നെ മനസിലാകുന്നില്ലെന്നോ. കടുത്ത അന്ത:ക്ഷോഭത്തോടെ ഞാന്‍ നിരത്തിലേയ്ക്ക് തുറക്കുന്ന പടികളില്‍ വന്നിരുന്നു. ഇരുട്ടായി. വീട്ടില്‍ വെളിച്ചം തെളിഞ്ഞില്ല. മല്ലിക ഊണ് കഴിക്കാതെ കിടന്നു എന്ന് മനസിലായി. ഒറ്റ മന്ദഹാസ൦  കൊണ്ട് എന്നെ കഥ പറച്ചിലുകാരനാക്കിയ പെണ്‍കുട്ടി. അണപൊട്ടിയ സന്തോഷങ്ങള്‍. നെടുവീര്‍പ്പുകള്‍. ശബ്ദം. നിശബ്ദം. ഞാന്‍ അവളെ ഓര്‍ത്തു.
പിറ്റേന്ന് മല്ലിക പോയപ്പോള്‍ ഞാന്‍ പുറത്തിറങ്ങി.
ചെരിപ്പ് ധരിക്കുമ്പോള്‍ വാതിലുകള്‍ ചോദിച്ചു.
"പൂട്ടുന്നില്ലേ? കള്ളക്കൂട്ടങ്ങള്‍ വന്നാലോ..."
ഞാനൊന്നു ചിരിക്കുക മാത്രം ചെയ്തു.
"ആരും വരില്ല. വന്നാല്‍ കക്കാന്‍ മാത്രം എന്താണ് ഇവിടെയുള്ളത്. എഴുതാതെ ഞാന്‍ മനസ്സില്‍ സൂക്ഷിച്ചിട്ടുള്ള കഥകളോ..?"
ആളുന്ന വെയിലില്‍, തെരുവ് ഓരോരോ വില്‍പ്പനക്കായി തുറന്നു വച്ചിരുന്നു. ഞാന്‍ വിളക്കുകള്‍ വില്‍ക്കുന്നവര്‍ക്കിടയിലൂടെയും കളിമണ്‍ശില്പങ്ങള്‍ക്കിടയിലൂടെയും പുസ്തകക്കടകള്‍ക്ക് മുന്നിലൂടെയും പൂക്കാരികള്‍ക്കിടയിലൂടേയും കടന്നു പോയി. ആളുകള്‍. ബഹളങ്ങള്‍. ആര്‍പ്പുകള്‍. വാഹനങ്ങളുടെ ഇരമ്പലുകള്‍. തര്‍ക്കങ്ങള്‍. ഈ വെയിലില്‍ അസ്തമിക്കുകയാണ് ഞാനെന്നു തോന്നി.
വണ്ടിക്കാളകള്‍ അയവെട്ടി കിടക്കുന്ന വാകമരങ്ങളുടെ നിഴലില്‍ ചെന്നുനില്‍ക്കുമ്പോള്‍ ആ സ്വരം പിന്നില്‍ കേട്ടു.
"വരുന്നോ..നിങ്ങള്‍ പറയുന്ന കഥകളൊക്കെയും ഞാന്‍ കേള്‍ക്കാം. നമുക്ക് വേണ്ടത് അവസാനിക്കാത്ത കഥയരങ്ങല്ലേ."
ഞാന്‍ ഉവ്വെന്നു തലയാട്ടി. തിരികെ ഞാന്‍ വീട്ടിലേയ്ക്ക് പോയില്ല. അവള്‍ക്കൊപ്പം വാകമരങ്ങളുടെ നിഴലിനപ്പുറം നീണ്ടുകിടക്കുന്ന പാളങ്ങളിലൂടെ നടന്നു. കല്ലുകള്‍ വെയിലില്‍ വെട്ടിതിളങ്ങി. അങ്ങനെ നടക്കുമ്പോള്‍ ഞാനുറക്കെ ചൊല്ലി:
"ഹംസാരൂഡാ ഹരഭസിത ഹാരേന്ദു കുന്ദവദാതാ
വാണീ മന്ദസ്മിതയുതമുഖീ മൌലിബദ്ധെന്ദു ലേഖാ
വിദ്യാ വീണാമൃത മയഘടാക്ഷ സ്രഗാദീപ്ത ഹസ്ത
ശുഭ്രാബ്ജസ്ഥാ ഭവദഭിമത പ്രാപ്തയേ ഭാരതീസ്യാല്‍"
(അരയന്നത്തിന്‍റെ പുറത്തിരിക്കുന്നവളും ശിവന്‍റെ ശരീരത്തിലെ ഭസ്മം,മുത്തുമാല, ചന്ദ്രന്‍, മുല്ലപ്പൂവ് എന്നിവയുടെ നിറം പോലെ ശോഭയാര്‍ന്നവളും മന്ദസ്മിതം തൂകുന്ന മുഖത്തോട് കൂടിയവളും ശിരസ്സില്‍ ചന്ദ്രക്കല ചൂടിയവളും പുസ്തം, വീണ, അമൃതകുംഭം, രുദ്രാക്ഷമാല എന്നിവ ധരിച്ചവളും വെള്ളത്താമര പൂവില്‍ ഇരിക്കുന്നവളുമായ സരസ്വതി ആഗ്രഹപ്പൂര്‍ത്തീകരണം നടത്തട്ടെ.)
അവസാനിക്കാത്ത ആ നടപ്പില്‍ പകല്‍ മങ്ങുന്നതും സന്ധ്യ താണിറങ്ങി വരുന്നതും ഞാന്‍ കണ്ടു. ദൂരെ ആകാശത്ത് നക്ഷത്രങ്ങളുടെ പൊടിപ്പുകള്‍. നിലാവിന്‍റെ ഒരു കീറ്, മുന്നില്‍ വഴി തെളിക്കുന്നു. ഭസ്മനിറമുള്ള ഒരു സ്വപ്നം എന്നെ കൈപിടിച്ചു നടത്തുന്നു. അവള്‍ ചോദിക്കുകയാണ്.
"കഥ പറച്ചിലുകാരാ, ഒരു കഥ പറയൂ.."
"എനിയ്ക്ക് ഈ സ്വപ്നം വ്യാഖ്യാനിക്കാന്‍ അറിയില്ല. ഞാന്‍ ഒരു വിവര്‍ത്തകന്‍ മാത്രം. എന്‍റെ ഭാഷ പരിമിതം.."
പിന്നെ ചോദ്യങ്ങള്‍ ഉണ്ടായില്ല. ആരോ നടന്നകലുന്ന പാദപതനം മാത്രം തെളിഞ്ഞു കേട്ടു. മഴ ഇരച്ചെത്തും പോലെ ഒരു മുഴക്കം.
ഞാന്‍ ഉറക്കെ കരഞ്ഞു: "ഞാന്‍ ആരെഴുതിയ കഥയാണ്?"
അപ്പോള്‍, മല്ലികയുടെ വിരലുകള്‍ എന്‍റെ മുഖം ചേര്‍ത്തുപിടിച്ചു.
"കരയാതെ. ഈ കഥയില്‍ നമ്മള്‍ മാത്രമല്ലേയുള്ളൂ..."
അവളുടെ കഴുത്തിലേയ്ക്ക്, മുടിക്കെട്ടിലേയ്ക്ക് മുഖം ചേര്‍ത്തുവച്ചുകൊണ്ട് ഞാന്‍ പറഞ്ഞു:
"കപ്ലവും വേപ്പിന്‍തയ്യും കിണറും തവളകളും വാഴയും കൂടിയുണ്ട്."
"ഉണ്ട്. ചെറുളയും മുക്കുറ്റിയും തെച്ചിയും ശ്രീപാര്‍വതിയും ഉണ്ട്. ഇപ്പോളുറങ്ങൂ.."
കഥപറയാന്‍ പറ്റുന്നൊരു ഭാഷ സ്വപ്നം കാണാന്‍ വേണ്ടി ഞാനുറങ്ങി.

Sunday, January 29, 2017

വിരാട൦

ചിത്രകാരിയായ പി.എസ്.ജയ മുഖത്ത് കറുത്ത ചായം തേച്ചു കറുപ്പിനോടുള്ള സമൂഹത്തിന്‍റെ മുഖം തിരിക്കലുകള്‍ക്കെതിരെ  പ്രതിഷേധിച്ച വാര്‍ത്ത കണ്ടപ്പോള്‍, ഭാര്യയും ഏഴിലും അഞ്ചിലും  പഠിയ്ക്കുന്ന രണ്ട് കുട്ടികളുമുള്ള വിനയചന്ദ്രന്‍എന്ന മുപ്പത്തിയാറുകാരന് വലിയ സന്തോഷം തോന്നി.  അനേക വര്‍ഷങ്ങളായി  താന്‍കൊണ്ടുനടക്കുന്ന, നടക്കാത്ത സ്വപ്നത്തിന്‍റെ സഫലീകരണം, ജയയുടെ പ്രതിഷേധത്തിന്‍റെ  ഏതോ രേഖാംശങ്ങളില്‍സന്ധിക്കുന്നതായി അയാള്‍അറിഞ്ഞു. ജയയെ മനസാ അഭിനന്ദിച്ചു.  ദളിത്‌പ്രശ്നങ്ങളോ  സവര്‍ണ്ണ ഫാസിസമോ ഒന്നുമായിരുന്നില്ല വിനയചന്ദ്രനെ ഈ വിഷയത്തില്‍താല്പര്യം ജനിപ്പിച്ചത്.  ഒരു സ്ത്രീയുടെ വേഷത്തില്‍പുറത്തിറങ്ങി നടക്കണമെന്ന്‍കുറേക്കാലമായി അയാള്‍മോഹിച്ചിരുന്നു. മറ്റുള്ളവര്‍എന്ത് കരുതും എന്ന പേടി മൂലം ഈ ഒരാഗ്രഹം വിനയചന്ദ്രന്‍ഉള്ളിലൊതുക്കുകയായിരുന്നു. എന്നാല്‍ജയ കറുപ്പ് ചായം തേച്ചു പുറത്തിറങ്ങി എന്നറിഞ്ഞപ്പോള്‍വല്ലാത്തൊരു ധൈര്യം മുന്‍പെങ്ങുമില്ലാത്ത വിധം അയാളെ ഗ്രസിച്ചു.
തുടര്‍ദിവസങ്ങളില്‍ചുരിദാറിലോ  സാരിയിലോ പുറത്തിറങ്ങുന്ന തന്നെത്തന്നെ, വിനയചന്ദ്ര/ന്‍സങ്കല്‍പ്പിച്ചുനോക്കി.  മീശ വയ്ക്കുന്ന പതിവ് ഇല്ലാത്തതിനാല്‍മുഖത്ത് അധികം മിനുക്ക്‌പണികള്‍വേണ്ടി വരില്ല. കമ്മലും മാലയും വളകളും വേണം. പൊട്ട് കുത്തണം.   ബ്ലൌസ് ധരിക്കുമ്പോള്‍നെഞ്ചിന്‍റെ ഭാഗം കൃത്യമാകാന്‍സ്പോഞ്ച് നിറച്ച അടിയുടുപ്പ് വേണ്ടിവന്നേക്കും. ഭാര്യ ലതിക കുടുംബശ്രീ യോഗത്തില്‍പങ്കെടുക്കാന്‍പോയ ഒരു ഞായറാഴ്ച അവളുടെ നൈറ്റി ഇട്ടുനോക്കി മനസ്സില്‍ചില കണക്കുക്കൂട്ടലുകള്‍നടത്തി വിനയചന്ദ്രന്‍. പിറ്റേന്നുതന്നെ ആവശ്യം വേണ്ട ചുരിദാറുകളും സാരിയും ബ്ലൌസും അടിയിലിടേണ്ട മറ്റ് അനുസാരികളും അയാള്‍വാങ്ങി ഭാര്യയോ മക്കളോ അറിയാതെ ഒളിച്ചുവച്ചു. 
കൂടുതല്‍ആലോചിച്ചാല്‍ഒരു തീരുമാനവും നടപ്പിലാക്കാന്‍കഴിയില്ല. അതിനാല്‍, ഓഗസ്റ്റ് പതിനഞ്ചിന് തന്നെ അയാള്‍സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. സ്വാതന്ത്ര്യദിനത്തില്‍അര്‍ത്ഥരാത്രി ഒരു ഫെയ്സ് ബുക്ക് കുറിപ്പായിട്ടാണ് ആ തീരുമാനം മറ്റുള്ളവര്‍അറിഞ്ഞത്. പ്രതികരിച്ച എല്ലാവരും അതൊരു ധീരമായ തീരുമാന൦, നടപ്പിലാക്കൂ എന്ന്  അയാളെ പ്രോത്സാഹിപ്പിച്ചു. ഒറ്റ രാത്രികൊണ്ട് മുന്നൂറ്റി മുപ്പതോളം ലൈക്കുകള്‍കിട്ടി. ഏതോ ഒരു ഗംഗാധരന്‍നായര്‍മാത്രം അത്രക്കൊക്കെ വേണോ, ഒന്നൂടെ ആലോചിച്ചുപോരേ എന്ന് കമന്റിട്ടു. ഒരാണിനെ പോലെ നടക്കാന്‍എനിയ്ക്കും എന്തൊരു ആഗ്രഹമാണെന്നോ എന്ന് വാവക്കാടുള്ള സുമിത്ര ടീച്ചറുടെ കമന്റും കണ്ടു. സ്വാതന്ത്ര്യദിനത്തില്‍കുളി കഴിഞ്ഞു പുറത്തിറങ്ങി വസ്ത്രം മാറാന്‍കയറിയ വിനയചന്ദ്രന്‍പതിവില്‍കൂടുതല്‍സമയം എടുക്കുന്ന കണ്ടപ്പോള്‍ആദ്യം മകളും പിന്നെ മകനും വാതിലില്‍മുട്ടി എന്തുപറ്റി എന്ന് അന്വേഷിച്ചു. കുറച്ചുകഴിഞ്ഞപ്പോള്‍ഭാര്യയും വാതില്‍ക്കല്‍വന്നു. വാതില്‍തുറന്നു പുറത്തുവന്ന വിനയചന്ദ്രനെ കണ്ട് മക്കളും ഭാര്യയും ആദ്യം അമ്പരന്നു. പിന്നെ വായ്‌പൊത്തി ചിരിച്ചു. ഇതെന്ത് കോലം എന്ന് ലതിക പലവട്ടം ചോദിച്ചെങ്കിലും അയാള്‍ഒന്നും മിണ്ടിയില്ല. അതേ വേഷത്തിലിരുന്നു ബ്രേക്ഫാസ്റ്റ് കഴിച്ചു. ഓഫീസില്‍പതാക ഉയര്‍ത്താന്‍എല്ലാവരും രാവിലെ എട്ടിന് തന്നെ ഹാജരാകണം എന്നതിനാല്‍അയാള്‍നേരത്തെ ഇറങ്ങി.  പുറത്തേയ്ക്ക് പോകാന്‍ഒരുങ്ങുന്ന അയാളെ കണ്ട് ലതിക ആദ്യം പരിഭ്രമിച്ചു. വേഷം മാറ്റി പോകാന്‍അപേക്ഷിച്ചു. അയാള്‍മുറ്റത്തേക്ക്‌ഇറങ്ങിയപ്പോള്‍കളി കാര്യമായി എന്ന് ലതികയ്ക്ക് തോന്നി. ചെരിപ്പിടുമ്പോള്‍, അവളെ ശ്രദ്ധിക്കാതെ വിനയചന്ദ്രന്‍അസന്ദിഗ്ധമായി പ്രഖ്യാപിച്ചു:  ”ഇനിമുതല്‍ഇതാണ് എന്‍റെ വേഷം..” ഗെയ്റ്റ് കടന്നു ധൃതിയില്‍നടന്നു പോകുന്ന വിനയചന്ദ്രന്‍റെ പിറകെ കുറെദൂരം ലതിക ഓടി. പിന്നെ കരയണോ, ചിരിക്കണോ എന്നറിയാതെ വാപൊത്തിനിന്നു. മക്കള്‍രണ്ടും ഒന്നും മനസിലാകാതെ പകച്ചു.
ബസ് -സ്റ്റോപ്പില്‍പരിചയക്കാര്‍  അയാളെ ഒരു വിചിത്രജീവിയെ എന്നോണം തുറിച്ചുനോക്കി. ആദ്യം അവര്‍ക്കാര്‍ക്കും വിനയചന്ദ്രനെ മനസിലായില്ല. മനസിലായപ്പോള്‍കൂട്ടച്ചിരിയായി. ഇന്നെന്താ, സ്വാതന്ത്ര്യദിനമായിട്ട് ഓഫീസില്‍വല്ല പരിപാടീം ഒണ്ടോ, അങ്ങനെ ഒണ്ടങ്കി തന്നെ അവിടെ ചെന്നിട്ട് വേഷംകെട്ടിയാപോരാരുന്നോ, ഇതിങ്ങനെ ബസീക്കേറി അവിടെ വരെ ചെല്ലുമ്പോ ആകെ ചളമാകില്ലേ എന്നൊക്കെ ചോദിച്ചു. എല്ലാത്തിനും വിനയചന്ദ്രന്‍ഒരു ചിരി മാത്രം മറുപടിയാക്കി. പ്രൈവറ്റ് ബസിന്‍റെ പിന്‍വാതിലിലൂടെ കയറാന്‍നോക്കിയപ്പോ മുന്നീച്ചെന്ന് കേറ് ചേച്ചി എന്ന് കിളി കുരവയിട്ടു. മുന്നിലൂടെ കയറി ഒരിടത്ത് നില്‍ക്കാന്‍തുടങ്ങുമ്പോ കണ്ടക്റ്റര്‍വന്ന് പിറകോട്ട് പോകെന്ന് ഉന്തി. തിരക്കിനിടയില്‍ആരോ ചന്തിയേല്‍പിടിച്ചു ഞെക്കി. ഒരു കൈ വയറിലൂടെ ഇഴഞ്ഞു. സാരി അഴിഞ്ഞുപോകുമോ എന്ന് ഒരു സംശയം തോന്നി. അടിപ്പാവാടയ്ക്കുള്ളിലേയ്ക്ക് സാരി ഇടംകൈകൊണ്ട് ഒന്നിറക്കി കുത്തി. ബ്ലൌസൊന്നു പിടിച്ചിട്ടു. ടൌണില്‍ബസിറങ്ങി  ഒരു ഓട്ടോ പിടിച്ചു ഓഫീസില്‍പോകാന്‍തുടങ്ങുമ്പോ ഓട്ടോക്കാരന്‍ഒരു മാതിരി നോട്ടം നോക്കി. ശെടാ..ലവളുമാരെ  കുറെ കാലമായിട്ട് ഇവിടെങ്ങും കാണാനില്ലാരുന്നല്ലോ... ഈ ഇറക്കുമതി എവിടുന്നാണോവോ  എന്ന അയാളുടെ ആത്മഗതം തെല്ലുറക്കെയായിപ്പോയി.
ഓഫീസില്‍ചെന്നപ്പോള്‍അതിലേറെ പുകില്‍. ഭൂകമ്പം ഉണ്ടായപോലെ. സഹപ്രവര്‍ത്തകരെല്ലാവരും വിനയചന്ദ്രന്‍റെ ചുറ്റുംകൂടി. പെണ്ണുങ്ങള്‍നാണിച്ചും ചിരിച്ചും അയാളെ നോക്കി. ആണുങ്ങ/ള്‍, നീയിതെന്നാ  ഭാവിച്ചാ, എഫ്.ബി.യില്‍കണ്ടപ്പോള്‍ഇത്രേം വിചാരിച്ചില്ല, കേട്ടോ എന്ന്‍പറഞ്ഞു. സൂപ്രണ്ട് സുകുമാരിയമ്മസാറ്  റൂമില്‍വിളിച്ചിരുത്തി വിനയചന്ദ്രനോട് ചോദിച്ചു. 'എന്നാലും എന്‍റെ വിനയാ, നിനക്കിത്രേം ധൈര്യം എവിടുന്നു കിട്ടി. സമ്മതിക്കണം. ' പിന്നെ വിനയന്‍റെ വകച്ചിലിട്ടു ചീകിയ മുടിയിലും മാലയിലും കമ്മലിലും  തൊട്ടുനോക്കി. സാരിയുടെ കര നോക്കും മട്ടില്‍മുലയിലൊന്നു തട്ടി നോക്കി. സ്പോഞ്ചാ അല്ലിയോ എന്ന് ചിരിച്ചു. വിനയചന്ദ്രന്‍തലയാട്ടി. 'ഈ ഒരൊറ്റ ദിവസം മതീട്ടോ..മേലില്‍വേണ്ട. ആരെങ്കിലും കുത്തിപൊക്കിയാ ഞാനാ സമാധാനം പറയണ്ടേ. ജോലി പോകും.." എന്ന് ഒരമ്മയെപ്പോലെ ഉപദേശിച്ചു. വേഷത്തില്‍ഒരല്‍പം മാറ്റം നടത്തിയാല്‍അതിനിത്ര പ്രധാന്യമുണ്ടോ എന്ന്‍വിനയചന്ദ്രന് സംശയമായി. പെണ്ണുങ്ങള്‍പാന്റ്സും ഷര്‍ട്ടും ഇടുന്നില്ലിയോ, അപ്പൊപ്പിന്നെ ആണുങ്ങള്‍സാരി ഉടുത്താലെന്നാ.. എന്നൊക്കെ ചോദിയ്ക്കാന്‍തോന്നി. പതാക ഉയര്‍ത്തിയപ്പോഴും എല്ലാവരുടേയും നോട്ടം വിനയചന്ദ്രന്‍റെ നേരെ ആയിരുന്നു. സുകുമാരിയമ്മ സാറിന്‍റെ  സ്വാതന്ത്ര്യദിന സന്ദേശം അത്ര ഏറ്റില്ല. സ്വാതന്ത്ര്യം തന്നെ ജീവിതം, സ്വാതന്ത്ര്യം തന്നെ അമൃതം എന്നങ്ങോട്ടു വാക്കുകള്‍ചുരുക്കിയപ്പോള്‍എല്ലാവരും വിനയനെ നോക്കി ചിരിയടക്കാന്‍പാടുപെടുകയായിരുന്നു. സഹപ്രവര്‍ത്തകര്‍അവരുടെ മൊബൈലില്‍അയാളുടെ ചിത്രം പകര്‍ത്തി. എല്ലാത്തിനും അയാള്‍നിന്നുകൊടുത്തു. മൂത്രമൊഴിക്കാന്‍ടോയ്‌ലറ്റില്‍പോകുമ്പോള്‍എവിടെ കേറണം എന്നൊരു സംശയം പെട്ടെന്ന് വിനയചന്ദ്രനുണ്ടായി. സ്ത്രീകള്‍, പുരുഷന്മാര്‍എന്ന രണ്ട് ചുവരെഴുത്തുകളും മാറിമാറി നോക്കി അയാള്‍തെല്ലിട നിന്നു. സാരി മുഴുവന്‍പൊക്കിപിടിച്ച് ആണുങ്ങളുടെ യൂറിനല്‍ഷെഡില്‍നില്‍ക്കുന്നതോര്‍ത്തപ്പോള്‍വല്ലായ്കയുണ്ടായി. കാര്യം സാധിക്കാതെ പുറത്തിറങ്ങി.
പതാക ഉയര്‍ത്തലും മധുരവിതരണവും കഴിഞ്ഞ്, തിരികെ യു.ഡി.ക്ലാര്‍ക്ക് ഷാജിയുടെ ബൈക്കിനു പിറകിലിരുന്നാണ് പോന്നത്. ബൈക്കിനു പിറകില്‍പതിവുപോലെ കവച്ചിരിക്കാന്‍തുടങ്ങിയപ്പോള്‍സാരി തടസമായി. പിന്നെ ഒരു വശം ചെരിഞ്ഞിരുന്നു. 'എന്‍റെ ഭാര്യയെങ്ങാന്‍കണ്ടാല്‍, നിങ്ങളിന്ന് ഏതു പെണ്ണിനെയാ വണ്ടിയേല്‍കേറ്റി കറങ്ങിയേന്നും ചോദിച്ച് ഒടക്കുമല്ലോടാ വിനയാ..." എന്ന് ഷാജി വലിയവായില്‍ചിരിച്ചു.  ബൈക്ക് ഗട്ടറില്‍ചാടിയപ്പോള്‍ഷാജിയുടെ മുതുകിലേയ്ക്ക് അറിയാതെ നെഞ്ചമര്‍ന്നു. '...' എന്ന് ഷാജി പെണ്‍തൊണ്ടയാല്‍കുറുകി. ബസ്- സ്റ്റാന്‍ഡില്‍ബസ് വരാന്‍വേണ്ടി കുറെ നേരം നിന്നു. കാത്തിരിപ്പുകേന്ദ്രത്തില്‍ആണുങ്ങളുടെ കസേരയില്‍ഇരിയ്ക്കാ/ന്‍ചെന്നപ്പോ/ള്‍തൊട്ടടുത്ത സീറ്റിലിരുന്ന ഒരാള്‍'പോ..ശവം' എന്ന് വിനയചന്ദ്രനെ ആട്ടി. വിനയചന്ദ്രന്‍അവിടെ തന്നെ ഇരുന്നു. അയാള്‍വെറുപ്പോടെ ഒന്നുനോക്കി എഴുന്നേറ്റ് പോയിഅപ്പുറത്ത് കൂടി നില്‍ക്കുന്ന പെണ്ണുങ്ങളുടെ ശ്രദ്ധ മുഴുവന്‍വിനയചന്ദ്രന് നേരെ ആയിരുന്നു. ഒരു പോലീസുകാരന്‍വന്ന് 'എഴുന്നേരടി' എന്നാജ്ഞാപിച്ചു. 'മേലാലിവിടെ കണ്ടുപോകരുത്' എന്ന് വിരട്ടി. വിനയചന്ദ്ര/ന്‍തന്‍റെ ഐ.ഡി. കാര്‍ഡ്  കാണിച്ചാലോ എന്നാലോചിച്ചു. ബാഗ് തുറക്കാന്‍തുടങ്ങുമ്പോഴേയ്ക്കും  ബസ് വന്നു. അയാള്‍അതില്‍കയറി ഇരുന്നു.
ബസില്‍യാത്രക്കാര്‍കുറവായിരുന്നു. ടിക്കറ്റ് കൊടുത്ത് കഴിഞ്ഞപ്പോള്‍കണ്ടക്റ്റര്‍വിനയചന്ദ്രന്‍റെ അടുത്ത് വന്നിരുന്നു. ലാസ്റ്റ് സ്റ്റോപ്പ് വരെ പോരുന്നോ എന്ന് അടക്കത്തില്‍ചോദിച്ചു. വിനയചന്ദ്രന്‍അത് കേട്ടില്ലെന്നു നടിച്ചു. അയാള്‍വിനയചന്ദ്രന്‍റെ തുടയില്‍ഒന്നു കിള്ളി. കൈവെള്ളയില്‍'69' എന്ന് എഴുതിക്കാണിച്ചു. വിനയചന്ദ്രന് ഓക്കാനം വന്നു.  സ്വാതന്ത്ര്യദിനത്തില്‍കടിച്ചിറക്കിയ മധുരം കയ്പ്പായി തികട്ടി.
വീട്ടിലെത്തിയപ്പോള്‍  സീനാകെ മാറി. അമ്മായിയച്ചനും അളിയനും വന്നിരിക്കുന്നു. വീട് നിറയെ  അയല്‍പ്പക്കക്കാരും പെണ്ണുങ്ങളും. വിനയചന്ദ്രനെ കണ്ടതും അമ്മായിയച്ചന്‍ചീറ്റി. "നീ ഇതെന്തോ ഭാവിച്ചാ? ഞാനേ എന്‍റെ പെങ്കൊച്ചിനെ കല്യാണം കഴിച്ചുതന്നത് ഒരാണിനാ...അല്ലാതെ..." മരുമകന്‍റെ  സാരിയുടുത്ത വേഷപ്പകര്‍ച്ച കാണാന്‍കരുത്തില്ലാതെ  അദ്ദേഹം  മറ്റെങ്ങോ നോക്കി. അപ്പോള്‍, അളിയന്‍വന്നു മൊബൈല്‍ഫോണില്‍വാട്സ് ആപ് തുറന്നുകാണിച്ചു.  "എന്‍റെ അളിയാ...മനുഷ്യന് പുറത്തിറങ്ങി നടക്കണം. അളിയന്‍റെ ഈ കോപ്പിരാട്ടി നാടാകെ കണ്ടു. ഇതിപ്പോ ഒരുമാതിരി.." അളിയനു വികാരവിക്ഷോഭം കൊണ്ട് വാക്കുകള്‍കിട്ടിയില്ല. വിനയചന്ദ്രന്‍അളിയന്‍റെ ഫോണ്‍വാങ്ങി നോക്കി. താന്‍ബസ് സ്റ്റോപ്പില്‍നില്‍ക്കുന്നതും ഓഫീസിന്‍റെ മുറ്റത്ത് പതാക ഉയര്‍ത്തുന്നത് കണ്ടുനില്‍ക്കുന്നതും ബസ്-സ്റ്റാന്‍ഡില്‍ഇരിക്കുന്നതും ഒക്കെ വൈറലായിരിക്കുന്നു. ആരാണാവോ ഇതൊക്കെ ഡൌണ്‍-ലോഡ് ചെയ്തത്പഴയ നോക്കിയ ഫോണ്‍ഉപയോഗിക്കുന്നകൊണ്ടാണ് താനിതൊക്കെ അപ്പപ്പോള്‍അറിയാത്തത്. എന്തായാലും മൂത്രമൊഴിക്കാന്‍നില്‍ക്കാഞ്ഞത് നന്നായി. "വിനയചന്ദ്രന്‍റെ വിലാസലീലകള്‍ഇനിയുമുണ്ട്. കാണണോ?" അളിയന്‍ഫോണ്‍തട്ടിപ്പറിച്ചു. വിനയചന്ദ്രന്‍ബെഡ്റൂമിലേയ്ക്ക് ചെന്നു. ലതിക കട്ടിലില്‍കിടക്കുന്നുണ്ട്. മക്കള്‍അരികിലിരിക്കുന്നു. അയല്പക്കത്തെ പെണ്ണുങ്ങള്‍വിനയചന്ദ്രനെ കണ്ട്, മുഖം പൊത്തി ചിരിച്ചുകൊണ്ട് പുറത്തിറങ്ങി. അയാള്‍വിളിച്ചു:
"ലതികേ.."
ലതിക കേട്ട ഭാവം നടിച്ചില്ല. വിനയചന്ദ്രന്‍-മക്കളെ വിളിച്ചു. ഇരുവരും ഒരു പരിചയവുമില്ലാത്ത ഒരാളെ എന്നോണം മുഖംതിരിച്ചു. വിനയചന്ദ്രന്‍റെ ഹൃദയം തകര്‍ന്നു. അയാള്‍അവരെ മുറിയില്‍വിട്ടു വരാന്തയില്‍വന്നിരുന്നു.  അമ്മായിയച്ചനും അളിയനും അയല്‍പക്കക്കാരും അരമതിലിലിരുന്ന് അയാളെ നോക്കാതെ നോക്കി. കിഴക്കേലെ വറുത് മാപ്ല വിനയചന്ദ്രന്‍റെ അടുത്ത് വന്നിരുന്നു. കൈപിടിച്ചു.
"മോനേ, വിനയാ, എന്താണ് നെന്‍റെ പ്രശ്നം.? വറുത് ചേട്ടനോട് പറ. നമ്മക്ക് ശരിയാക്കാഡാ..നീ തുറന്നുപറ. ഒരു കുപ്പി ബ്രാണ്ടീടെ അപ്പറോം ഇപ്പറോം ഇരുന്നു പറഞ്ഞാ തീരണ പ്രശ്നല്ലേ നമ്മടെ നാട്ടിലുള്ളൂ..."
വിനയചന്ദ്രന്‍കൈവിടുവിച്ചു. 
"ഒരു പ്രശ്നോല്ല.." 
"പിന്നെയീ  കാണണത് എന്താണ്? നീയിങ്ങനെ വേഷം കെട്ടി നടന്നാ കുടുമ്മത്തെ പെണ്ണുങ്ങക്ക് പൊറത്തെറങ്ങണ്ടെ. പിള്ളേര് വലുതാവാണ്."
"അയിന് ഞാന്‍എന്ത് വേഷം കെട്ടീന്നാണ്? ഒരു സാരി ഉടുത്തതോ? അപ്പോ പാന്റ്സും ഷര്‍ട്ടും ഇട്ടോണ്ട് പോയപ്പോ ഒരു കൊഴപ്പോല്ലല്ലോ...ഇപ്പ മാത്രം എന്താണ് എല്ലാര്‍ക്കും ഒരേനക്കെട്? ഞാന്‍തുണി ഉടുക്കാതെ ഒന്ന്വല്ല പോയത്. ഞാനിനിയങ്ങോട്ട്‌എനിക്കിഷ്ടമുള്ള ഡ്രസ് ഇടാനാ ഭാവം. ഒരു ദിവസം സാരിയാണെങ്കി, അടുത്ത ദിവസം ചുരിദാര്‍. അതും കഴിഞ്ഞു പാവാടേം ബ്ലൌസും. ആര്‍ക്കാ ചേതം..?"
വിനയചന്ദ്രന്‍ക്ഷുഭിതനായി. അമ്മായിയച്ചനും അളിയനും അതിലേറെ ക്ഷോഭിച്ചു.
"ഈ വക വേഷംകെട്ടൊന്നും ഞാന്‍സമ്മതിക്കില്ല. എന്‍റെ മോള്‍ക്കും പിള്ളേര്‍ക്കും മാനാഭിമാന൦ണ്ട്. ഒരു ഭാവീണ്ട്. മോളെ ലതികേ, വാടീ ഇങ്ങട്ട്. ഇപ്പ ഇറങ്ങണം നമ്മക്ക്. മക്കളേം വിളിച്ചോ. ആഹാ അത്രയ്ക്കായോ അഹമ്മതി..."
ലതികയും മക്കളും ബാഗും തൂക്കി പുറത്തുവന്നപ്പോള്‍വിനയചന്ദ്രന്‍ദയനീയമായി അവരെ നോക്കി. അവര്‍കണ്ട ഭാവം കാണിച്ചില്ല. പടിയിറങ്ങിപ്പോയി. ഇത്ര നിസ്സാര കാര്യത്തിന് ഈ കടുപ്പം വേണോ എന്ന് ലതികയോട് ആരോ ചോദിച്ചു. അവള്‍തലവെട്ടിച്ചു കളഞ്ഞു. കൂടിനിന്ന അയല്പക്കക്കാരാകട്ടെ വിനയചന്ദ്രനെ കുറ്റം പറഞ്ഞുകൊണ്ട് പിരിഞ്ഞു.
വറുത് മാപ്ല ഒരവസാനശ്രമം പോലെ ചോദിച്ചു..
"വിനയാ, മോന്‍ഒന്നൂടെയൊന്ന് ആലോചിയ്ക്ക്.."
"എന്താലോചിക്കാന്‍?" വിനയചന്ദ്രന്‍ദേഷ്യം കൊണ്ട് വിറച്ചു. ആ ഭാവമാറ്റം കണ്ട വറുത് മാപ്ല കൂടുതല്‍പറയാന്‍നില്‍ക്കാതെ  ഗെയ്റ്റ് കടന്നു. അപ്പോ/ള്‍ആ കലിപ്പ് ഫ്രെയിമിലേയ്ക്ക് വീട്ടുടമ കയറി വന്നു.
"അപ്പഴേ ഒരു കാര്യം പറയാന്‍വേണ്ടിയാണ് വന്നത്. വളച്ചുകെട്ടാതെ പറയാം. മാനോം മര്യാദേം ആയിട്ട് ജീവിക്കണോര്‍ക്കെ ഞാന്‍വീട് കൊടുക്കൂ. ഈ വക കൂത്തൊന്നും നമ്മക്ക് പറ്റില്ല. എന്തെങ്കിലും പറയാനുണ്ടോ..?"
വിനയചന്ദ്രന്‍മിണ്ടാതെ നിന്നു. "ഇനീം ഇതാണ് ഭാവമെങ്കി... ബാക്കി ഞാന്‍പറയണില്ല.." അയാള്‍ചാടിത്തുള്ളി ഇറങ്ങിപ്പോയി.
വിനയചന്ദ്രന്‍വീടിനകത്ത് എല്ലാ മുറികളിലും ചെന്നുനോക്കി. ആളുമില്ല, അനക്കവുമില്ല. ആകെയൊരു മൌഡ്യം. കുറേനേരം കട്ടിലില്‍കയറി കിടന്നു. ഒരു തരം ശൂന്യത അയാളെ പൊതിഞ്ഞു. ഇനിയെന്ത്? എന്താണ് വസ്ത്രധാരണത്തിന്‍റെ മാനിഫെസ്റ്റോ? എന്താണ് സ്വാതന്ത്ര്യം? എന്നിലെ ഞാന്‍എന്താണ്? എന്‍റെ സ്വതന്ത്രമായ തീരുമാനങ്ങള്‍ക്ക് എന്തുവില? ഭാര്യയും മക്കളും വെറുക്കാന്‍മാത്രം ഞാന്‍എന്ത് തെറ്റാണ് ചെയ്തത്?
വിനയചന്ദ്രന് ഉറക്കെ കരയാന്‍തോന്നി. അയാള്‍കുറെയേറെ നേരമെടുത്ത്  മുഖ൦ കഴുകി. കണ്ണാടി നോക്കി.  ഇത്തിരി പൌഡറിട്ടൂ. കക്ഷത്തില്‍സ്പ്രേ അടിച്ചു. ഉലഞ്ഞ സാരി ഒന്നൂടെ  അഴിച്ചുടുത്തു. വാതില്‍പൂട്ടി പുറത്തിറങ്ങി. വെയിലുണ്ടായിരുന്നു വഴിയില്‍. കുറേയങ്ങ് നടന്നു. വഴിയേ പോകുന്നവരൊക്കെ വിനയചന്ദ്രനെ നോക്കി. അയാളുടെ വേഷം കണ്ട് വീണ്ടും വീണ്ടും നോക്കി. അയാളത് കാര്യമാക്കിയില്ല. സ്വാതന്ത്ര്യദിനത്തിന്‍റെ റാലികള്‍പോകുന്ന കണ്ടു. അങ്ങനെ നടന്നുനടന്ന് പഠിച്ച ഗവ.യു.പി.സ്കൂളിന്‍റെ മുന്നിലെത്തി വിനയചന്ദ്രന്‍. അയാള്‍തുറന്നുകിടക്കുന്ന ഗെയ്റ്റിലൂടെ അകത്തുകയറി. കൊടിമരത്തില്‍പതാക പാറുന്നു. വടക്കേ അതിരില്‍, ആ പഴയ നെല്ലിമരം ഇപ്പോഴുമുണ്ട്. അതിന്‍റെ ചുവട്ടില്‍പുതുതായി ഒരു കല്‍ബഞ്ച് പണിതിരിക്കുന്നു. അയാളവിടെ ഇരുന്നു.
അപ്പോള്‍സ്കൂളിനു പിന്നിലെ മതിലിനരികില്‍നിന്നും പണ്ട് രണ്ടുക്ലാസ് താഴെ പഠിച്ച ഗീതാമണി നടന്നുവന്നു. പഴയപോലെ  നീണ്ട മുടിയില്ല. ആണുങ്ങളെപ്പോലെ ക്രോപ്പടിച്ചു ചീകി വച്ചിരിക്കുന്നു. മുണ്ടും ഷര്‍ട്ടും വേഷം. മുണ്ട് മടക്കി കുത്തിയിരിക്കുന്നു. കയ്യില്‍വാച്ച് കെട്ടിയിട്ടുണ്ട്.  അവള്‍/അവന്‍അടുത്ത് വന്നിരുന്നു. "എന്താ ചേച്ചി മുഖത്തൊരു വിഷമം എന്ന് ചോദിച്ചു. തോളില്‍കൈവച്ചു. വിനയചന്ദ്രന്‍റെ കണ്ണുകള്‍നിറഞ്ഞു. അവള്‍/അവന്‍കുറച്ചൂടെ ചേര്‍ന്നിരുന്നു. അതോടെ വിനയചന്ദ്രന്‍പൊട്ടിക്കരഞ്ഞുപോയി. ആ നേരം വരെ സംഭവിച്ചതൊക്കെ തുറന്നുപറഞ്ഞു. അങ്ങനെ തുറന്നുപറഞ്ഞപ്പോള്‍ഹൃദയഭാരങ്ങള്‍ക്ക് തെല്ലൊരു അയവ്  തോന്നി. അപ്പോള്‍, ഗീതാമണി/മണി  വിനയചന്ദ്രനെ ഇങ്ങനെ  ആശ്വസിപ്പിച്ചു:
"പോയൊരു പോട്ടെ ചേച്ചി. അതോര്‍ത്ത് നമ്മള് വിഷമിച്ചിട്ട് എന്താ കാര്യം. ഇത്രേം കാലം ഒന്നിച്ചുജീവിച്ചിട്ടും ചേച്ചിയെ മനസിലാക്കാന്‍അവര്‍ക്ക് പറ്റിയോ..? ഇല്ലല്ലോ. ഇനിയങ്ങോട്ട് നമ്മക്ക് ഒന്നിച്ചുജീവിക്കാം. ഞാന്‍ഭര്‍ത്താവ്. ചേച്ചി ഭാര്യ. സമ്മതാണോ?"
(യെസ് മലയാളം ജനുവരി ഒന്ന്)